കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനരീതികൾക്കെതിരെ കടുത്ത വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ രംഗത്ത്. രാജ്യത്തെ വോട്ടെടുപ്പ് സംവിധാനങ്ങളുടെ സ്വതന്ത്ര സ്വഭാവവും ജനങ്ങൾക്കുള്ള വിശ്വാസ്യതയും ഇല്ലാതാക്കുന്ന നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവവും വിശ്വാസ്യതയും പൂർണ്ണമായി തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആ പദവിയിൽ തുടരാൻ യാതൊരു അർഹതയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ തത്വങ്ങളോട് നേരിയ തോതിലെങ്കിലും ആദരവുണ്ടെങ്കിൽ അദ്ദേഹം ഉടൻ സ്ഥാനം ഒഴിഞ്ഞു പോകണമെന്നും റിയാസ് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി ജനവിധിയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘപരിവാർ ശക്തികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഭരണഘടനാപരമായ സ്വയംഭരണ സ്ഥാപനങ്ങളെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നവരുടെ വെറുമൊരു ചട്ടുകമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചതിന്റെ തെളിവുകളാണ് ദി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം പുറത്തുവിട്ട വാർത്തയിലൂടെ വ്യക്തമായതെന്ന് റിയാസ് വ്യക്തമാക്കി. സംഘപരിവാർ ലക്ഷ്യമിടുന്ന വിവേചനപരമായ ഒഴിവാക്കൽ രാഷ്ട്രീയത്തെയാണ് എസ്.ഐ.ആർ പിന്തുണയ്ക്കുന്നതെന്ന സി.പി.ഐ.എമ്മിന്റെ ആദ്യകാല നിലപാട് പൂർണ്ണമായും ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വിവരങ്ങൾ. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ നിലപാടുകളെപ്പോലും അടിച്ചമർത്തിക്കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ പ്രവർത്തിച്ചതെന്നും മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു.





