തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട നടപടികൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി ഭരണകൂടം കടുത്ത ആശങ്കയിലാണെന്നും പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തി മുന്നോട്ടുപോകാനാണ് അവർ നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജന്തർ മന്ദിറിനെ ഒരു ജയിൽ മുറിക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ്. നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്; അങ്ങനെയൊരു സമരം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾ എന്ത് അപരാധമാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
13 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറന്തള്ളിയെങ്കിൽ ആ സർക്കാർ ഒരിക്കലും നീതിയുടെ കാവൽക്കാരല്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായുള്ള വെറുമൊരു കളിയായാണ് ബിജെപി കാണുന്നത്. എന്നാൽ ഇത് കളിയല്ലെന്നും ഭരണകൂട ഭീകരതയിലൂടെ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒഴിവാക്കപ്പെട്ട 13 കോടിയോളം വരുന്ന മനുഷ്യർ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരാണ്. നരേന്ദ്ര മോദിക്ക് അനുകൂലമാകില്ലെന്ന് ഉറപ്പുള്ള വോട്ടുകളെല്ലാം റദ്ദാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രത്തിന്റെ കളിപ്പാവയായി മാറുന്ന കമ്മീഷനുള്ളിൽ നിന്നുതന്നെ ഇപ്പോൾ ഭിന്നാഭിപ്രായങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കാട്ടുന്നത്. ഇതിനെതിരെ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അലയടിക്കും. പൗരാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വീറ്റോ അധികാരം പ്രയോഗിക്കാൻ കമ്മീഷന് അധികാരമില്ല. മോദി-അമിത് ഷാ ഭക്തി തലയ്ക്കുപിടിച്ച കമ്മീഷന്റെ വിവേകം നഷ്ടപ്പെട്ടിരിക്കുകയാണ്. മോദിക്ക് വോട്ടുചെയ്യാത്തവരെ പൂർണ്ണമായി വെട്ടിമാറ്റാനാണ് എസ്.ഐ.ആർ റിവിഷൻ നടപ്പാക്കുന്നത്. ഇതേസമയം കേരളത്തിലെ കോൺഗ്രസിന്റെ നിലപാടുകളെയും അദ്ദേഹം പരിഹസിച്ചു. ഇത് തെറ്റായ നടപടിയാണെന്ന് രാഹുൽ ഗാന്ധി പറയുമ്പോഴും, സംസ്ഥാനത്തെ കോൺഗ്രസ് എസ്.ഐ.ആറിനെ പ്രശംസിക്കുകയാണ്. ഇവിടുത്തെ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ പാതയിലാണോ സഞ്ചരിക്കുന്നതെന്ന് സംശയമുണ്ട്. ബുദ്ധിയും മനസ്സാക്ഷിയും ബിജെപിക്ക് മുന്നിൽ അടിയറവ് വെച്ച 'മോദീവിയൻ കോൺഗ്രസാ'ണ് ഇവിടെയുള്ളത്. കേന്ദ്രത്തിന് പിന്നാലെ പായുന്ന ഈ കോൺഗ്രസ് ഭരണം പി.എം ശ്രീ പദ്ധതിയും ലേബർ കോഡും കേരളത്തിൽ കൊണ്ടുവരുമെന്നാണ് പറയുന്നത്. ഇതിനെതിരെ ഒക്ടോബർ 14-ന് ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും.
പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ അടിയന്തരമായി കൈമാറണം. ഇതിന്റെ പകുതി കേന്ദ്ര സഹായമാണ്; ബാക്കി തുക നൽകാൻ സർക്കാർ വിമുഖത കാട്ടരുത്. ഒപ്പം എൽഡിഎഫ് മുൻപ് പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതി പൂർണ്ണമായി നടപ്പിലാക്കണം. ലേബർ കോഡിലെ ബിജെപി അജണ്ടകളെ അനുവദിക്കില്ലെന്നും പി.എം ശ്രീ പദ്ധതിക്കെതിരെയും ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംസ്ഥാനത്ത് ഔദ്യോഗിക കാറുകൾ ചീറിപ്പായുന്ന സാഹചര്യത്തെയും അദ്ദേഹം വിമർശിച്ചു. ആരുടേതാണ് ഈ കാറുകളെന്നും ആരൊക്കെയാണ് ഇതിൽ സഞ്ചരിക്കുന്നതെന്നും പരിശോധിക്കപ്പെടണം. യാതൊരു പ്രശ്നവുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, തല്ലിക്കൊന്നാലും വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന വാശിയിലാണ്. ഇത് ഭരണം ഒട്ടും സുതാര്യമല്ലെന്നതിന്റെ തെളിവാണ്. സർക്കാർ ദുരൂഹതകളെ വെള്ളപൂശുകയാണ്. വാഹനം നൽകിയവരും വിമാനം ഏർപ്പാടാക്കിയവരും ഒരുപോലെ കളങ്കിതരാണ്.
സിപിഐക്കും സിപിഐഎമ്മിനും സ്വതന്ത്രമായി പ്രക്ഷോഭങ്ങൾ നയിക്കാനുള്ള അവകാശമുണ്ട്; ഒപ്പം എൽഡിഎഫായി യോജിച്ചുള്ള സമരങ്ങളും തുടരും. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്, തുടർ ചർച്ചകൾ ഇനിയും നടക്കും. സിപിഐ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. ഇരുപാർട്ടികളും തമ്മിലടിച്ച് തകരുന്നവരല്ല, ഒരു മുന്നണിയുടെ ഭാഗമാണ്. ചില കാര്യങ്ങൾ വേഗത്തിൽ തീരുമാനാകും, മറ്റു ചിലതിന് സമയമെടുക്കും. പാർലമെന്ററി പാർട്ടി യോഗം ചേരണമെങ്കിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഓരോ രാഷ്ട്രീയ നിലപാടും. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സിപിഐഎമ്മിനെയോ പിണറായി വിജയനെയോ ആരെങ്കിലും വേട്ടയാടാൻ തുനിഞ്ഞാൽ സിപിഐ വെറുതെ നോക്കിനിൽക്കില്ല; ബിസിനസ്സും രാഷ്ട്രീയ നിലപാടുകളും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതിൽ സി. ദിവാകരൻ വിശദീകരണം സമർപ്പിച്ചിട്ടുണ്ടെന്നും, സ്വന്തം തെറ്റ് മനസ്സിലാക്കിയ അദ്ദേഹം ഇനി അത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു.





