വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ഫയലിൽ സ്വീകരിക്കാൻ തയ്യാറാകാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കുറ്റപത്രത്തിൽ കൃത്യമായ വ്യക്തതയില്ലെന്നും ആവശ്യമായ അനുബന്ധ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പ്രതികളെ സംരക്ഷിക്കുന്നതിനായി വനംവകുപ്പ് മനഃപൂർവ്വം ദുർബലമായ കുറ്റപത്രം തയ്യാറാക്കിയെന്ന ആക്ഷേപം ഇതോടെ ശക്തമായി. എന്നാൽ, അപാകതകൾ പരിഹരിച്ചുള്ള പുതിയ കുറ്റപത്രം ഇന്ന് തന്നെ കോടതിയിൽ നൽകുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ നോർത്തേൺ സി.സി.എഫിനോട് വനംമന്ത്രി ഷിബു ബേബി ജോൺ നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച സമഗ്ര റിപ്പോർട്ട് ഇന്ന് തന്നെ കൈമാറണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സംഭവം നടന്ന് നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. മുറിച്ചുമാറ്റിയ മരങ്ങൾ വനഭൂമിയിൽ നിന്നുള്ളതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന തെളിവുകൾ കുറ്റപത്രത്തിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ മാസം 17-നായിരുന്നു ബത്തേരി കോടതിയിൽ കുറ്റപത്രം നൽകിയത്. എന്നാൽ നിയമപരമായ രേഖകളുടെ കുറവ് കോടതി ചൂണ്ടിക്കാണിച്ചതിൽ സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതേത്തുടർന്നാണ് നോർത്തേൺ സി.സി.എഫിനെ അടിയന്തരമായി വിളിച്ച് വിശദീകരണം തേടാൻ വനംമന്ത്രി തയ്യാറായത്.
വിവാദ ഉത്തരവിന്റെ മറപിടിച്ച് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് 14 കോടിയോളം രൂപ വിലമതിക്കുന്ന മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 40 കേസുകളിലും അഗസ്റ്റിൻ സഹോദരങ്ങളാണ് പ്രധാന പ്രതികൾ. മുൻ വനംമന്ത്രി നടത്തിയ ഇടപെടലുകൾക്ക് പിന്നാലെയായിരുന്നു കേസിൽ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരുന്നത്.





