തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി (ESA) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്മേൽ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളുടെ ആകെ വിസ്തീർണ്ണം 8,590 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും, ഈ പരിധിയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം നിലവിലുള്ള 131-ൽ നിന്നും 98 ആയി ചുരുക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈ 27-നായിരുന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്നലെയാണ് സംസ്ഥാനം കേന്ദ്ര സർക്കാരിനെ തങ്ങളുടെ നിർദ്ദേശങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും പരിസ്ഥിതിലോല പരിധിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കണമെന്നതാണ് സർക്കാരിന്റെ ഉറച്ച തീരുമാനം. നിലവിലെ വിജ്ഞാപനത്തിലുള്ള 131 വില്ലേജുകളിൽ നിന്നും 33 എണ്ണം വെട്ടിമാറ്റണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഇതിലൂടെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ ആകെ വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8,590 ചതുരശ്ര കിലോമീറ്ററായി വെട്ടിച്ചുരുക്കണമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ കോട്ടയം ജില്ലയിലെ നാല് വില്ലേജുകളും ഇടുക്കി ജില്ലയിലെ 54 വില്ലേജുകളുമാണ് പരിസ്ഥിതിലോല മേഖലയുടെ പരിധിയിലുള്ളത്. ഈ മേഖലകളിൽ ഉൾപ്പെട്ട ചില വില്ലേജുകളെ ഒഴിവാക്കണമെന്നാണ് സർക്കാർ പ്രധാനമായും നിർദ്ദേശിക്കുന്നത്. പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും സമർപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അവസരം ഒരുക്കിയിരുന്നു. ഇതിനായി അനുവദിച്ചിരുന്ന 60 ദിവസത്തെ കാലാവധിയാണ് ഇന്ന് പൂർത്തിയാകുന്നത്.





