വയനാട്: വസതിയിൽ നിന്ന് അനധികൃതമായി വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്സൈസിന്റെ കസ്റ്റഡിയിൽ വിട്ട് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി ഉത്തരവായി. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം വ്യക്തമാകണമെന്നും കേസിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നുമുള്ള എക്സൈസ് വകുപ്പിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമ്മിച്ചതെന്നും ഏത് മാർഗ്ഗത്തിലൂടെയാണ് എത്തിച്ചതെന്നും കണ്ടെത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
അതേസമയം, 43.85 ലിറ്റർ മദ്യം എത്തിച്ചാൽ 5,000 രൂപ പിഴയും തടവുശിക്ഷയും മാത്രമാണ് വ്യവസ്ഥ ചെയ്യുന്നതെന്നും, എന്നിട്ടും എന്തിനാണ് പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തിപ്പെടുത്തുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളി കോടതി പ്രതിയെ എക്സൈസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം അനുവദിച്ചില്ല; ഈ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആന്റോയുടെ വസതിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ അനധികൃത മദ്യമാണ് കണ്ടെടുത്തത്. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.





