ആലപ്പുഴ: കായംകുളം എം.എസ്.എം കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക സംഘർഷം. എസ്.എഫ്.ഐ നടത്തിയ വിജയപ്രകടനത്തിനിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കായംകുളം നഗരത്തിലെ കോൺഗ്രസ് ഭവനത്തിന് സമീപമെത്തിയപ്പോൾ വിദ്യാർത്ഥികളും കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു.
തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമാവുകയും പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. കോൺഗ്രസ് ഓഫീസിനുള്ളിൽ നിന്നാണ് എസ്.എഫ്.ഐയുടെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വിദ്യാർത്ഥികൾക്കും പോലീസുകാർക്കും പരിക്കേറ്റു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിൽ പോലീസ് ജീപ്പിന്റെ ചില്ല് തകർന്നു. പ്രദേശത്ത് പൂർണ്ണമായും നിയന്ത്രണം കൈവരിക്കാനായിട്ടില്ലെങ്കിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തകർ കട്ടകളും വടികളുമായി നിലയുറപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളും വെളിച്ചത്തുവന്നു. ചെയർമാൻ സ്ഥാനാർത്ഥിയെ മത്സരരംഗത്തുനിന്ന് നേരത്തെ അയോഗ്യനാക്കിയിരുന്നുവെങ്കിലും എം.എസ്.എം കോളേജ് യൂണിയൻ എസ്.എഫ്.ഐ പിടിച്ചെടുക്കുകയാണുണ്ടായത്.
അതേസമയം, പന്തളം എൻ.എസ്.എസ് കോളേജിലും യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ആകെയുള്ള 13 സീറ്റുകളിലും ഇവിടെ എസ്.എഫ്.ഐ ആയിരുന്നു വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ പോലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ട് രംഗം ശാന്തമാക്കിയത്.





