കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പരിശോധനയിൽ ആന്റോ അഗസ്റ്റിന് മേൽ പിടിമുറുകുന്നു. റിപ്പോർട്ടർ ചാനലിന്റെ ആസ്ഥാനത്ത് നടത്തിയ റെയ്ഡിൽ നിയമപരമായി കൈവശം വെക്കാവുന്നതിലും ഉയർന്ന തുകയ്ക്കുള്ള ഡോളർ, മെമ്മറി കാർഡുകൾ, വിവിധ രേഖകൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വസ്തുക്കൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാകും തുടർനീക്കങ്ങൾ സ്വീകരിക്കുക. 21 മണിക്കൂറോളമാണ് ചാനൽ ഓഫീസിൽ പരിശോധന നീണ്ടുനിന്നത്. കേസിലെ മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിനെ ഉടൻ തന്നെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. വഞ്ചനാക്കുറ്റവും ഗൂഢാലോചനയും ചുമത്തി കളമശ്ശേരി പോലീസാണ് ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകളിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, പോലീസ് സംഘം പരിശോധന പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ വയനാട്ടിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥർ കളമശ്ശേരിയിലെ ആർ.ബി.സി ആസ്ഥാനത്തെത്തി. എഫ്.ഐ.ആർ രേഖകൾ ഇല്ലാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ അഗസ്റ്റിൻ വാദിച്ചതോടെ ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് എക്സൈസ് സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പോലീസ് നടത്തുന്ന റെയ്ഡുകളെക്കുറിച്ച് മുൻകൂട്ടി അറിയേണ്ട കാര്യം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷക്കാലം മാധ്യമസ്ഥാപനങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങൾ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു ദശാബ്ദക്കാലം സർക്കാരിന്റെ ഭാഗത്തുനിന്നും മാധ്യമവേട്ട അരങ്ങേറിയപ്പോൾ ആരും പ്രതികരിച്ചുകണ്ടില്ലെന്നും അപ്പോഴൊന്നും ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എസ്.ഐ.ടിയുടെ ഭാഗത്തുനിന്നുണ്ടായത് പൂർണ്ണമായും നിയമാനുസൃതമായ നടപടികൾ മാത്രമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.





