Malayali Media
Kerala

റിപ്പോർട്ടർ ടി.വിയിൽ അരങ്ങേറിയത് കേരളം കണ്ട അപൂർവ്വ മാധ്യമവേട്ട; വി.ഡി. സതീശനെതിരെ സി.പി.ഐ.എം

17 Sept 20263 views 3 min read
റിപ്പോർട്ടർ ടി.വിയിൽ അരങ്ങേറിയത് കേരളം കണ്ട അപൂർവ്വ മാധ്യമവേട്ട; വി.ഡി. സതീശനെതിരെ സി.പി.ഐ.എം
Advertisement

കൊച്ചി: റിപ്പോർട്ടർ ടി.വി ആസ്ഥാനത്തുണ്ടായ പോലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് സി.പി.ഐ.എം. സർക്കാരിന്റെ വീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ജേണലിസ്റ്റുകളുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതും അവരുടെ മൊബൈൽ ഫോണുകൾ ബലമായി പിടിച്ചെടുത്തതും അത്യന്തം ഗൗരവതരമായ വിഷയമാണ്. ലാത്തിയുമേന്തി പോലീസുകാർക്ക് ന്യൂസ് റൂമിൽ എന്ത് കാര്യമാണുണ്ടായിരുന്നതെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിക്കെതിരായ വാർത്തകളും സോഷ്യൽ മീഡിയ ദൃശ്യങ്ങളും പോലീസിനെ ഉപയോഗിച്ച് വ്യാപകമായി നീക്കം ചെയ്യിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മാധ്യമങ്ങളെ പൂർണ്ണമായും നിശ്ശബ്ദരാക്കാനുള്ള ഗൂഢശ്രമം നടക്കുന്നത്. നിയമപരമായ എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി പോലീസ് അഴിച്ചുവിട്ട ഈ അടിച്ചമർത്തലിനെതിരെ കേരളീയ പൊതുസമൂഹം പ്രതികരിക്കുമെന്നും, സംഭവത്തിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

കേരള ചരിത്രത്തിൽ അപൂർവ്വമായി മാത്രം കാണുന്ന പ്രതികാര നടപടിക്കാണ് ഇന്ന് രാവിലെ സംസ്ഥാനം സാക്ഷിയായത്. പോലീസിന്റെ നടപടിയെ ന്യായീകരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ റെയ്ഡ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. നാട് മുഴുവൻ നേരിൽക്കണ്ട സംഭവങ്ങളെക്കുറിച്ചാണ് അദ്ദേഹം പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.

യു.ഡി.എഫ്-ബി.ജെ.പി നിലപാടുകൾക്ക് വിടുപണി ചെയ്യാത്ത മാധ്യമസ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് ഭരണകൂടം തുനിയുന്നത്. ഇന്ന് റിപ്പോർട്ടർ ചാനലിന് നേരെയുണ്ടായ കടന്നാക്രമണം, നാളെ സർക്കാരിന് അതൃപ്തികരമായ വാർത്തകൾ നൽകുന്ന മറ്റേതൊരു മാധ്യമത്തിന് നേരെയും ഉണ്ടായേക്കാം. ഇത് ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരെയുള്ള കടുത്ത വെല്ലുവിളിയാണ്. പോലീസിനെ ഉപയോഗിച്ചുള്ള ഈ മാധ്യമവേട്ടയിൽ ശക്തമായ രോഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും സി.പി.ഐ.എം അറിയിച്ചു.

Advertisement

Comments

Add a Comment

Our Channels

റിപ്പോർട്ടർ ടി.വിയിൽ അരങ്ങേറിയത് കേരളം കണ്ട അപൂർവ്വ മാധ്യമവേട്ട; വി.ഡി. സതീശനെതിരെ സി.പി.ഐ.എം | Malayali Media