Malayali Media
Kerala

സി.എം.ആർ.എൽ കേസ്: സുബൈറിന്റെ പേരിൽ ഹവാല ഇടപാട് കേസുകളില്ലെന്ന് പോലീസ്; ഉള്ളത് രണ്ട് ക്രിമിനൽ കേസുകൾ മാത്രം

17 Sept 20265 views 3 min read
സി.എം.ആർ.എൽ കേസ്: സുബൈറിന്റെ പേരിൽ ഹവാല ഇടപാട് കേസുകളില്ലെന്ന് പോലീസ്; ഉള്ളത് രണ്ട് ക്രിമിനൽ കേസുകൾ മാത്രം
Advertisement

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഹവാല ഇടനിലക്കാരനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്ന സുബൈർ കരുവൻപൊയിലിന്റെ പേരിൽ നിലവിലുള്ളത് രണ്ട് ക്രിമിനൽ കേസുകൾ മാത്രമാണെന്നും ഹവാലയുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വീണ ടി. പ്രതിസ്ഥാനത്തുള്ള കേസിൽ ഹവാല പണമിടപാടുകാരൻ എന്ന നിലയ്ക്കാണ് ഇ.ഡി സുബൈറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. സുബൈറും ഹസൻ വാരിസും തമ്മിൽ നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ ഇ.ഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

'ഡി എക്സ് ബി സുബൈർ കൊടുവള്ളി ഹവാ' എന്ന പേരിലായിരുന്നു ഫോണിൽ ഈ നമ്പർ സൂക്ഷിച്ചിരുന്നത്. എന്നാൽ, ടൈൽസ് വാങ്ങാൻ പോയപ്പോഴുണ്ടായ പരിചയം മാത്രമാണ് ഹസൻ വാരിസുമായി ഉള്ളതെന്നാണ് സുബൈർ വ്യക്തമാക്കുന്നത്. മുഹമ്മദ് റിയാസിനെ ഒരു മന്ത്രി എന്ന നിലയിൽ മാത്രമാണ് അറിയുന്നത്. പരസ്പരം വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിട്ടില്ല. ഇ.ഡി ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും തന്റെ ഫോൺ ഏത് തരത്തിലുള്ള പരിശോധനയ്ക്കും വിട്ടുനൽകാൻ തയ്യാറാണെന്നും ഏത് അന്വേഷണ സംഘത്തിന് മുന്നിലും ഹാജരാക്കാമെന്നും സുബൈർ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയായിരുന്നു സി.എം.ആർ.എൽ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി ഔദ്യോഗികമായി കത്തയച്ചത്. പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. വീണ മുഖേന പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്നും 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയതായി കത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഈ കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് കടത്തിയെന്നും, പണം കൈപ്പറ്റാനും കടത്താനും പിതാവായ പിണറായി വിജയനെയും ഭർത്താവായ റിയാസിനെയും വീണ സഹായിച്ചുവെന്നും കത്തിൽ ആരോപിക്കുന്നു. ഇടപാടുകൾക്ക് എക്സാലോജിക് സൊല്യൂഷൻസിന്റെ വാഹനമാണ് ഉപയോഗിച്ചത്; സി.എം.ആർ.എൽ എം.ഡി കൈക്കൂലി നൽകുകയും മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ ഇടപാടുകൾക്ക് ഒത്താശ ചെയ്യുകയും ചെയ്തു. പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിസ്, ഫൈസാജ് വി.പി, നന്ദുലാൽ എം. എന്നിവർ സഹായിച്ചതായും ഇ.ഡിയുടെ കത്തിലുണ്ട്.

അതേസമയം, ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകിയതെന്ന ആരോപണവുമായി ഹസൻ വാരിസ് രംഗത്തെത്തിയിരുന്നു. ഈ മൊഴിക്ക് നിയമപരമായ സാധുതയില്ലെന്നും അത് പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിക്ക് സത്യവാങ്മൂലം സമർപ്പിച്ചു. ആഗസ്റ്റ് 18-ന് നടത്തിയ ചോദ്യം ചെയ്യലിനിടെ അന്നുതന്നെ മൊഴി തയ്യാറാക്കി നിർബന്ധിച്ച് ഒപ്പുവെപ്പിക്കുകയായിരുന്നുവെന്ന് ഹസൻ വാരിസ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. പി.എ. മുഹമ്മദ് റിയാസിൽ നിന്നോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നിന്നോ പണം കൈപ്പറ്റിയിട്ടില്ലെന്നും, റിയാസിന്റെ നിർദ്ദേശപ്രകാരം ആർക്കും പണം കൈമാറിയിട്ടില്ലെന്നും വ്യക്തമാക്കിയ ഹസൻ വാരിസ്, റിയാസിനെതിരെ മൊഴി നൽകി ഒപ്പിട്ടില്ലെങ്കിൽ തന്റെ 22 വയസ്സുള്ള ഇളയ മകളെ ഉപദ്രവിക്കുമെന്നും കേസിൽ പ്രതിയാക്കുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു.

Tags:#exalogic#ed
Advertisement

Comments

Add a Comment

Our Channels

സി.എം.ആർ.എൽ കേസ്: സുബൈറിന്റെ പേരിൽ ഹവാല ഇടപാട് കേസുകളില്ലെന്ന് പോലീസ്; ഉള്ളത് രണ്ട് ക്രിമിനൽ കേസുകൾ മാത്രം | Malayali Media