വയനാട്: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വസതിയിൽ നിന്ന് വൻതോതിൽ മദ്യം കണ്ടെടുത്ത സംഭവം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കുമെന്ന് എക്സൈസ് ജോയിന്റ് കമ്മീഷണർ വൈ. ഷിബു. അതീവ ഗൗരവമുള്ള കേസാണിതെന്നും പിടിച്ചെടുത്തതിൽ വ്യാജമദ്യവും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 12.75 ലിറ്റർ ആൽക്കഹോൾ സാന്നിധ്യമുള്ള പാനീയമാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് വ്യാജമദ്യം തന്നെയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കണ്ടെടുത്തവയിൽ ഭൂരിഭാഗവും വിദേശമദ്യമാണെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.
മദ്യശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാർ അറിയിച്ചു. പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ടു വീട്ടിൽ പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്കിടയിൽ വൻതോതിൽ മദ്യം ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസ് സംഘം സ്ഥലത്തെത്തി ഇവ പിടിച്ചെടുക്കുകയാണുണ്ടായത്. തുടർന്ന് അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. ഇതിനുപിന്നാലെ എറണാകുളം കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ വെച്ച് പുലർച്ചെ അദ്ദേഹത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
വിഷയത്തിൽ നിയമപരമായ എല്ലാ നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. പരിശോധനയിൽ 43.85 ലിറ്റർ വിദേശമദ്യം, 6.25 ലിറ്റർ വിദേശനിർമ്മിത വൈൻ, ഡിഫൻസ് കാന്റീൻ മദ്യം, ആൽക്കഹോൾ സാന്നിധ്യമുള്ള 12 ലിറ്റർ പാനീയം എന്നിവയാണ് പിടിച്ചെടുത്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത കേസിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്.





