കോഴിക്കോട്: കോഴിക്കോട്ട് പുരോഗമിക്കുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് രൂക്ഷ വിമർശനം. മുന്നണിയുടെ വിജയങ്ങൾക്ക് കാരണഭൂതരായി ആഘോഷിക്കപ്പെട്ടവർ പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാൻ തയ്യാറാകണമെന്ന ആക്ഷേപമാണ് യോഗത്തിൽ ഉയർന്നത്. കാസർകോട് ജില്ലയിൽ നിന്നുള്ള പ്രതിനിധിയായ വി.പി.പി. മുസ്തഫയാണ് ഈ വിമർശനം സഭയിൽ ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അവിചാരിതമല്ലെന്നും, 2021-ന് ശേഷം തുടർച്ചയായി നേരിട്ട തോൽവികളിൽ നിന്ന് ജനവികാരം വിലയിരുത്തി പുതിയ അടവുകൾ മെനയുന്നതിൽ സംസ്ഥാന നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടുവെന്നും ചർച്ചയിൽ കുറ്റപ്പെടുത്തലുണ്ടായി. ജനങ്ങളിൽ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം ഒട്ടും പര്യാപ്തമല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി നടേശനോട് പാർട്ടി സ്വീകരിച്ച മൃദുസമീപനത്തിനെതിരെയും നേരത്തെ കടുത്ത അമർഷം ഉയർന്നിരുന്നു. വെള്ളാപ്പള്ളിയെ ചുമക്കേണ്ടി വന്നത് പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വിമർശനമുണ്ടായി. തിരുവനന്തപുരത്ത് വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിച്ചതിനെതിരെയും പ്രതിനിധികൾ ചോദ്യങ്ങൾ ഉന്നയിച്ചു. വി. ജോയിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയില്ലെങ്കിലും, നിലവിൽ എം.എൽ.എ ആയിരിക്കുന്ന ഒരാളെത്തന്നെ പാർട്ടി സെക്രട്ടറിയാക്കി നിലനിർത്തിയ നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെ തൃശൂരിൽ നിന്നുള്ള പ്രതിനിധി ചോദ്യം ചെയ്തു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വി. ജോയിക്ക് ഇളവ് നൽകിയതെന്നും, തലസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ വേറെ നേതാക്കളില്ലേ എന്നും ചോദ്യമുയർന്നു. സംസ്ഥാനത്തെവിടെയും ജനപ്രതിനിധികളായവർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുന്നില്ലെന്നിരിക്കെ തിരുവനന്തപുരത്ത് മാത്രം എന്തുകൊണ്ടാണ് ഈ പ്രത്യേക പരിഗണനയെന്ന് അംഗങ്ങൾ ചോദിച്ചു.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവികളെ പാർട്ടി തുല്യപ്രാധാന്യത്തോടെയാണ് കണ്ടിരുന്നതെങ്കിലും, വിപുലീകൃത സംസ്ഥാന സമിതിയിലെ രേഖയിൽ തളിപ്പറമ്പിലെ പരാജയം ഒഴിവാക്കി പയ്യന്നൂർ മാത്രമാണ് ഉൾപ്പെടുത്തിയത് എന്നതും വലിയ അതൃപ്തിക്ക് കാരണമായി. രണ്ടിടങ്ങളിലെയും തോൽവിക്ക് പിന്നിൽ നേതൃത്വപരമായ വീഴ്ചയാണെന്ന് പാർട്ടിയുടെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും നേരത്തെ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഇതിനുപുറമെ, സി.പി.ഐ.എം-ബി.ജെ.പി ഒത്തുകളി ആരോപണങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും, സാമുദായിക സംഘടനകളോടുള്ള സമീപനത്തിൽ അവ്യക്തത നിഴലിച്ചുവെന്നും വിമർശനമുണ്ടായി. സംഭവിച്ച തെറ്റുകൾ തുറന്നുസമ്മതിക്കാൻ തയ്യാറായില്ലെന്ന് തിരുത്തൽ രേഖയ്‌ക്കെതിരെ ആക്ഷേപമുയർന്നു. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്ന ഗൗരവം പോലും സംസ്ഥാന ഘടകം തയ്യാറാക്കിയ തെറ്റുതിരുത്തൽ രേഖയ്ക്കില്ലെന്നും, കേന്ദ്രം അക്കമിട്ടു നിരത്തിയ വീഴ്ചകളും സ്വയംവിമർശന നിർദ്ദേശങ്ങളും ഈ റിപ്പോർട്ടിൽ ഒഴിവാക്കപ്പെട്ടുവെന്നും പ്രതിനിധികൾ പറഞ്ഞു. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ട് തീർത്തും ദുർബലമാണെന്നാണ് വിലയിരുത്തൽ.
അതേസമയം, വിപുലീകൃത സംസ്ഥാന സമിതിയിൽ തികച്ചും ആരോഗ്യകരമായ സംവാദങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പ്രധാന നേതാക്കൾക്കെതിരെ യോഗത്തിൽ രൂക്ഷവിമർശനങ്ങൾ ഉയർന്നുവെന്ന വാർത്തകൾ അദ്ദേഹം ശരിവെച്ചു. തനിക്കെതിരെയും സമിതിയിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, നേതൃനിരയിലുള്ള എല്ലാ നേതാക്കൾക്കെതിരെയും ചർച്ചകളിൽ വിമർശനങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ചു.





