വയനാട്: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് പാക്കറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിനെ കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാൾ സംസ്ഥാനത്തേക്ക് തിരികെയെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
വാഹനത്തിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം മുൻപ് തന്നെ ശേഖരിച്ചിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി അബ്ദുൾ കരീമിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതി മുൻപ് തമിഴ്നാട് അതിർത്തി കടന്ന് ഗൂഡല്ലൂരിലേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവം നടന്ന സമയത്ത് സ്റ്റേഷനിൽ സബിത്തും പാറാവുകാരനായ പോലീസുകാരനും മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 19-നാണ് ഏഴ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പ്രതിയായ സിബിൻ (സബിൻ) കവർന്നത്. ഇത്തരത്തിൽ മോഷ്ടിച്ച ലഹരിവസ്തുക്കൾ മാഫിയാ സംഘങ്ങൾക്ക് മറിച്ചുവിറ്റതായും സംശയമുണ്ട്. സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്നും 13,800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് കാണാതായത്. സുൽത്താൻ ബത്തേരി സ്റ്റേഷൻ അങ്കണത്തിലേക്ക് ഒരു കാർ എത്തുന്നതും അതിലേക്ക് ലഹരി അടങ്ങിയ ചാക്കുകൾ കയറ്റുന്നതുമായ നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു സുൽത്താൻ ബത്തേരിയിൽ വലിയ തോതിലുള്ള ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത പുകയില വസ്തുക്കൾ സ്റ്റേഷനിലെ സ്ട്രോങ്ങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചുവരികയായിരുന്നു. എന്നാൽ ഇവ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ എട്ടിനാണ് പോലീസ് ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ ജില്ലാ പോലീസ് മേധാവി ഉടൻ മാധ്യമങ്ങളെ കണ്ടേക്കും. സേനയ്ക്കുള്ളിൽ നേരത്തെ തന്നെ സബിത്തിനെതിരെ പരാതികളും ആരോപണങ്ങളും നിലനിന്നിരുന്നു.





