കണ്ണൂർ: സി.പി.ഐ.എം സ്വയം തിരുത്താൻ സന്നദ്ധമാകുമോ എന്ന കാര്യത്തിൽ വലിയ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ. ഉണ്ടായ വീഴ്ചകളുടെ യഥാർത്ഥ കാരണങ്ങൾ കൃത്യമായി കണ്ടെത്തിയാൽ മാത്രമേ പരിഹാരം കാണാൻ സാധിക്കൂ എന്നും, എന്നാൽ ഇതുവരെ അത്തരം തിരുത്തൽ ശ്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ല. നേതൃനിരയിലുള്ളവരുടെ മക്കൾക്കെതിരെ ആക്ഷേപങ്ങൾ ഉയരുമ്പോൾ ജനങ്ങൾക്ക് മുന്നിൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം. എന്നാൽ പിണറായി വിജയൻ അതിന് തുനിഞ്ഞിട്ടില്ല. വ്യക്തമായ മറുപടി നൽകാതിരിക്കുന്നിടത്തോളം കാലം ആരോപണങ്ങളിൽ എന്തോ കഴമ്പുണ്ടെന്ന് മാത്രമേ പൊതുസമൂഹം കരുതുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡിയുടെ ഭാഗത്തുനിന്നും രാഷ്ട്രീയപ്രേരിതമായ നീക്കങ്ങൾ ഉണ്ടാകാറുണ്ട് എന്നത് വസ്തുതയാണ്; പ്രതിപക്ഷ നിരയിലുള്ള നേതാക്കളെ വേട്ടയാടുന്നത് അന്വേഷണ ഏജൻസികളുടെ സ്ഥിരം രീതിയാണ്. എന്നാൽ പിണറായിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെങ്കിൽ വിശ്വസനീയമായ വിശദീകരണം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ട്. ഇനി പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പാർട്ടിക്കെതിരെയും വരും. അതല്ലാതെ പിണറായിയുടെ കുടുംബത്തിനെതിരെ വിമർശനം വരുമ്പോൾ അതിനെ എന്തിനാണ് പാർട്ടിക്കെതിരായ നീക്കമായി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയങ്ങൾ ഇടതുമുന്നണിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടില്ല; അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അവർ പരസ്യവിമർശനം ഉന്നയിക്കുമായിരുന്നില്ല. മറ്റു കക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നത് മുന്നണിയുടെ കടമയാണ്. എൽ.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കണമെന്നുണ്ടെങ്കിൽ മുന്നണിക്കുള്ളിൽ സി.പി.ഐ.എം വിശദീകരണം നൽകണം. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടില്ലെങ്കിൽ ഘടകകക്ഷികൾ സ്വതന്ത്രമായ നിലപാട് വ്യക്തമാക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുത്തൽ രേഖയിൽ ഉൾപ്പെടുത്താത്തതിനെതിരെയും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. കേന്ദ്ര കമ്മിറ്റിയുടെ മുൻ വിലയിരുത്തലുകളിൽ നിന്ന് സംസ്ഥാന നേതൃത്വം വ്യതിചലിക്കുകയാണെന്നും ആ രേഖയെത്തന്നെ തള്ളിപ്പറയുന്ന സമീപനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് പാർലമെന്ററി മോഹമാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. എന്നാൽ നിരവധി നേതാക്കൾ ഉണ്ടായിരിക്കെ ഒന്നോ രണ്ടോ വ്യക്തികൾക്ക് മാത്രം പ്രത്യേക ഇളവുകൾ അനുവദിക്കുന്നതാണ് യഥാർത്ഥ പാർലമെന്ററി വ്യാമോഹം; അല്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും വി. കുഞ്ഞികൃഷ്ണൻ തുറന്നടിച്ചു.





