തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണക്രമത്തിൽ നിന്ന് മട്ടൻ (ആട്ടിറച്ചി) ഒഴിവാക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ജയിൽ വകുപ്പ്. ആട്ടിറച്ചിയുടെ ഉപയോഗം ജീവിതശൈലീ രോഗങ്ങൾ വർദ്ധിപ്പിക്കുമെന്ന കണ്ടെത്തലുകൾ മുൻനിർത്തിയാണ് ഈ മാറ്റം മുന്നോട്ടുവെച്ചിരിക്കുന്നത്. മട്ടന് പകരമായി കോഴിയിറച്ചിയും കോഴിമുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആട്ടിറച്ചി വാങ്ങുന്നതിനായി പ്രതിവർഷം അഞ്ച് കോടിയിലധികം രൂപ ചെലവാകുന്നുണ്ടെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി. ജയിൽ മേധാവി എസ്. ശ്രീജിത്ത് സമർപ്പിച്ച ഈ നിർദ്ദേശം നിലവിൽ ആഭ്യന്തര വകുപ്പിന്റെ അന്തിമ പരിഗണനയിലാണ്.
തുടർച്ചയായി മട്ടൻ കഴിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള വിവിധ ജീവിതശൈലി പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ആട്ടിറച്ചിയും മീനും വിപണിയിൽ നിന്ന് വാങ്ങുന്നതിലും അവ കേടുകൂടാതെ സൂക്ഷിക്കുന്നതിലും വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം അന്തേവാസികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പുതിയ ഭക്ഷണക്രമം നടപ്പിലാക്കാൻ ആലോചിക്കുന്നത്.
ഒരു വർഷം ആട്ടിറച്ചി വാങ്ങാൻ 5.72 കോടി രൂപയും മത്സ്യത്തിന് 4.8 കോടി രൂപയുമാണ് ഖജനാവിൽ നിന്ന് ചെലവാകുന്നത്. എന്നാൽ ഇതിന് ബദലായി കോഴിയിറച്ചി വാങ്ങാൻ 1.26 കോടിയും, സോയാ ചങ്ക്സിനും മുട്ടയ്ക്കും കൂടി 3.4 കോടി രൂപയും മാത്രമേ ചെലവ് വരികയുള്ളൂ. നിലവിലെ വ്യവസ്ഥയനുസരിച്ച് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ചകളിൽ മട്ടനുമാണ് തടവുകാർക്ക് നൽകുന്നത്. മാംസാഹാരം കഴിക്കാത്ത അന്തേവാസികൾക്ക് നോൺ വെജ് ദിവസങ്ങളിൽ പച്ചക്കറി വിഭവങ്ങൾ തയ്യാറാക്കി നൽകുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളുമുള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശത്തിന് അനുസരിച്ചുള്ള പ്രത്യേക ഭക്ഷണമാണ് നിലവിൽ നൽകിവരുന്നത്.





