കൊച്ചി: വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ പരസ്യമായ ചേരിപ്പോര്. പാർട്ടി കേരള ഘടകം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനുള്ള ചുമതല തങ്ങൾക്കാണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നു. സംസ്ഥാന കോർഡിനേറ്ററായി നിലവിൽ പ്രവർത്തിച്ചുവരികയാണെന്ന് വ്യക്തമാക്കുന്ന സതീഷ് തോന്നയ്ക്കലും വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമാണ് പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ടി.വി.കെയ്ക്ക് കേരളത്തിൽ ഔദ്യോഗികമായി സംസ്ഥാന കമ്മിറ്റി നിലവിൽ വന്നിട്ടില്ലെന്നും അത്തരം തീരുമാനങ്ങൾ പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണ് കൈക്കൊള്ളേണ്ടതെന്നും രണ്ട് കൂട്ടരും സമ്മതിക്കുന്നുണ്ട്. പഠന റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ സംസ്ഥാന ഘടകത്തിന്റെ രൂപീകരണവും ഭാരവാഹികളുടെ പ്രഖ്യാപനവും ഔദ്യോഗികമായി നടക്കൂ എന്നും ഇവർ വ്യക്തമാക്കുന്നു.
ടി.വി.കെ കൂട്ടായ്മയുടെ കൺവെൻഷൻ എന്ന പേരിൽ സെപ്റ്റംബർ 13-ന് എറണാകുളത്ത് വെച്ച് സതീഷ് തോന്നയ്ക്കലിന്റെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ 62 പേരാണ് സംബന്ധിച്ചത്. എന്നാൽ ഈ കൂട്ടായ്മയ്ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി എതിർവിഭാഗം വാർത്താക്കുറിപ്പ് പുറത്തിറക്കി.
വിജയ് ഫാൻസ് അസോസിയേഷൻ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന സജിയുടെ വിയോഗത്തിന് ശേഷം കേരളത്തിൽ ടി.വി.കെയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി ആർക്കും ചുമതല നൽകിയിട്ടില്ലെന്നാണ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്. താൻ ഔദ്യോഗികമായി ചുമതലയേറ്റ വ്യക്തിയല്ലെന്ന് സതീഷും വ്യക്തമാക്കുന്നുണ്ട്. അതേസമയം, പാർട്ടിയുടെയും വിജയ്‌യുടെയും പേരുപയോഗിച്ച് പണപ്പിരിവ് നടത്തുന്നുവെന്ന ആക്ഷേപം ഇരുവിഭാഗങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഉന്നയിക്കുന്നുണ്ട്. ടി.വി.കെയുടെ കോർഡിനേറ്ററെന്ന നിലയിൽ സിനിമ-സീരിയൽ രംഗത്തുള്ളവരെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾ സതീഷ് തോന്നയ്ക്കൽ നടത്തിയിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള യാതൊരു ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നാണ് വിജയ് ഫാൻസ് അസോസിയേഷൻ നേതൃത്വത്തിന്റെ നിലപാട്.





