തിരുവനന്തപുരം: സി.പി.ഐ.എം നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി ചലച്ചിത്ര സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. പ്രസ്ഥാനത്തിൽ നിന്ന് അല്പം പോലും ദയ ലഭിച്ചില്ലെന്നും പകരം നിരന്തരമായ അപമാനമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടിയെ മുൻനിർത്തി നിർമ്മിച്ച ചിത്രമായിരുന്നു 'വസന്തത്തിന്റെ കനൽ വഴികളിൽ'. ഈ സിനിമയെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി പാർട്ടി ഉപയോഗപ്പെടുത്തിയെങ്കിലും, തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഷ്ട്രീയ കാരണങ്ങളാൽ തന്നെ വിലക്കുകയാണുണ്ടായത്.
ഈ ചലച്ചിത്രം കാരണം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് തനിക്കുണ്ടായത്. എന്നാൽ സിനിമ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാധ്യതകളെ പാർട്ടി തന്നെ ഇല്ലാതാക്കി. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്ന സാഹചര്യം തടഞ്ഞത് ജോൺ ബ്രിട്ടാസ് ആണെന്നും, രാഷ്ട്രീയ കാരണങ്ങളും ചില വ്യക്തിതാൽപ്പര്യങ്ങളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ നേതാക്കൾ പോലും പ്രശംസിച്ച ഒരു ചിത്രത്തോട് കൈരളി ചാനൽ മുഖംതിരിച്ചു. സിനിമ നേരിട്ട ഈ അനീതി ഒരു പൊതുവേദിയിൽ തുറന്നുപറഞ്ഞതോടെ പിണറായി വിജയനും തന്നോട് കടുത്ത അതൃപ്തിയുണ്ടായി. പിന്നീട് രണ്ടാമത്തെ ചിത്രമായ 'വീരവണക്കം' ഒരുക്കിയ സന്ദർഭത്തിലും കൈരളിയെ സമീപിക്കാനാണ് നേതൃത്വം നിർദ്ദേശിച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്ക് കേട്ട് ഔദ്യോഗികമായി കത്ത് നൽകിയെങ്കിലും കൈരളിയിൽ നിന്ന് വീണ്ടും മോശം അനുഭവമാണ് ഉണ്ടായത്. പാർട്ടി സെക്രട്ടറി നേരിട്ട് നിർദ്ദേശിച്ച കാര്യമായതുകൊണ്ട് മാത്രമാണ് താൻ അത് വിശ്വസിച്ചത്. നാല് മാസത്തോളം അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ച് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ സാറ്റലൈറ്റ് അവകാശങ്ങൾ പോലും നഷ്ടപ്പെടുത്തി. അപഹസിക്കുകയും അപമാനിക്കുകയും ചെയ്തതോടെയാണ് ഒന്നും മിണ്ടാതെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങിയത്. എന്നാൽ സൈബർ ആക്രമണം എന്ന ഉമ്മാക്കി കാട്ടി തന്നെ ഭയപ്പെടുത്താൻ നോക്കേണ്ടതില്ലെന്നും, നിശ്ശബ്ദമായി ഒഴിഞ്ഞുമാറിയിട്ടും ഓൺലൈൻ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഇത്തരം ഭീഷണികളെ ഭയപ്പെടുന്ന ആളല്ല. പ്രസ്ഥാനത്തിൽ നിന്ന് അല്പം കാരുണ്യം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സ്വന്തം നേതാക്കളുടെ ബന്ധുക്കൾ പ്രതിസന്ധിയിലാകുമ്പോൾ പാർട്ടിക്ക് ദോഷം വരുന്ന കാര്യങ്ങളിൽ പോലും അവരെ സഹായിക്കുന്ന നേതൃത്വം, സാധാരണക്കാരായ സഖാക്കളെ പൂർണ്ണമായും അവഗണിക്കുകയാണെന്നും അനിൽ വി. നാഗേന്ദ്രൻ കുറ്റപ്പെടുത്തി.
സി.പി.ഐ.എമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് അനിൽ വി. നാഗേന്ദ്രൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. അഗാധമായ വേദനയോടെയാണ് താൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടിയിറങ്ങുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചിരുന്നു. മലയാളത്തിൽ 'വസന്തത്തിന്റെ കനൽ വഴികളിൽ', തമിഴിൽ 'വീരവണക്കം' എന്നീ ചലച്ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം, മുപ്പതിലധികം വർഷക്കാലം യാതൊരു ലാഭേച്ഛയുമില്ലാതെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സിനിമകളും ഓഡിയോ-വീഡിയോ പരിപാടികളും പുറത്തിറക്കിയിരുന്നു. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ കടബാധ്യതയും നഷ്ടവുമാണ് നേരിട്ടത്. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചില്ലെങ്കിലും പിന്തുടർന്ന് വേട്ടയാടുന്ന ക്രൂരതയാണ് ചിലരുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയും ഇത് സഹിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും, പാർട്ടിക്കുള്ളിലെ നല്ലവരായ നേതാക്കളോടും സാധാരണ സഖാക്കളോടും മാപ്പ് ചോദിച്ചുകൊണ്ട് താൻ പടിയിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.





