കൊച്ചി: പാലാ എം.എൽ.എ മാണി സി. കാപ്പനെ ജനപ്രതിനിധി പദവിയിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മാണി സി. കാപ്പനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. ചെക്ക് കേസിൽ എം.എൽ.എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പരാതിക്കാരനായ മുംബൈ മലയാളി ദിനേശ് മേനോൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഇടപെടൽ. വിഷയത്തിൽ സ്പീക്കറും ചീഫ് സെക്രട്ടറിയും നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഹർജിയിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്.
നാല് വ്യത്യസ്ത കേസുകളിലായി മാണി സി. കാപ്പന് മൂന്നര വർഷത്തെ തടവുശിക്ഷയും 5.30 കോടി രൂപ പിഴയും കോടതി വിധിച്ചിരുന്നു. നിലവിലെ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജനപ്രതിനിധിയെ അയോഗ്യനാക്കേണ്ടതുണ്ട്. എന്നാൽ കാപ്പന്റെ കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ദിനേശ് മേനോൻ കോടതിയെ അറിയിച്ചത്. ലഭിച്ച മൂന്നര വർഷത്തെ ശിക്ഷ അയോഗ്യനാക്കാൻ പര്യാപ്തമായ കാരണമാണെന്നും അദ്ദേഹം ഹർജിയിൽ വാദിച്ചു. അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി ഈ ഹർജി വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാന സർക്കാരും ചീഫ് സെക്രട്ടറിയും നിയമസഭാ സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും ഒപ്പം മാണി സി. കാപ്പനും കേസിൽ വിശദീകരണം ബോധിപ്പിക്കണം.
നേരത്തെ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പന് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. വിധി പറയുന്ന വേളയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും, പിന്നീട് അദ്ദേഹം നേരിട്ട് കോടതിയിലെത്തി അപേക്ഷ നൽകിയതിനെ തുടർന്ന് വാറണ്ട് റദ്ദാക്കിയിരുന്നു. മൂന്ന് കോടിയിലധികം രൂപ കാപ്പൻ തട്ടിയെടുത്തു എന്നതാണ് കേസ്. അതേസമയം, തനിക്കെതിരെയുള്ള ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് മാണി സി. കാപ്പന്റെ നീക്കം.





