കോഴിക്കോട്: സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) പ്രത്യേക പ്രമേയം അവതരിപ്പിക്കില്ലെന്ന് സൂചന. ഇത്തരമൊരു പ്രമേയത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പാർട്ടിയുടെ കേന്ദ്ര നേതൃത്വമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ യോഗത്തിൽ ഇ.ഡി ഒരു ചർച്ചാവിഷയമേ അല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവലു പ്രതികരിച്ചു. ഏജൻസിയുടെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടും; എന്നാൽ അത് വിപുലീകൃത സമിതിയിലെ ചർച്ചകളുടെ പരിധിയിൽ വരുന്നതല്ലെന്നും ഈ യോഗം പ്രസ്ഥാനത്തിന് ഗുണകരമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡിയെ ശക്തമായി ചെറുക്കുമെന്ന് വ്യക്തമാക്കിയ യു. വാസുകി, വിഷയത്തിൽ പാർട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ഓർമ്മിപ്പിച്ചു.
അതേസമയം, തിരുത്തൽ രേഖയുടെ കരട് റിപ്പോർട്ടിൽ തളിപ്പറമ്പിലെ പരാജയം ഒഴിവാക്കപ്പെട്ടതിൽ നേതൃത്വം വിശദീകരണം നൽകുന്നുണ്ട്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വമല്ല തിരിച്ചടിക്ക് കാരണമായത്. അവിടെ പാർട്ടി തോൽവി നേരിടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്നും പതിനായിരത്തോളം വോട്ടുകൾ കുറയുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടലെന്നും വിശദീകരണമുണ്ട്. യു.ഡി.എഫിൽ നിന്ന് തിരിച്ചുപിടിക്കേണ്ട മണ്ഡലങ്ങളുടെ പട്ടികയിലാണ് തളിപ്പറമ്പിനെ പാർട്ടി ഉൾപ്പെടുത്തിയിരുന്നത്. കണക്കുകൾ പ്രതികൂലമാകുമെന്ന് വ്യക്തമായപ്പോഴാണ് ടി.കെ. ഗോവിന്ദൻ മാറിയതെന്ന് എം.വി. ഗോവിന്ദൻ വിശദീകരിക്കുന്നു.
നേരത്തെ, തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പരാജയങ്ങളെ ഒരേ രീതിയിലായിരുന്നു സി.പി.ഐ.എം വിലയിരുത്തിയിരുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവുകളും സംഘടനാപരമായ ബലഹീനതകളും പ്രതിസന്ധിക്ക് കാരണമായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലടക്കം കണ്ടെത്തിയിരുന്നു. എന്നാൽ വിപുലീകൃത സംസ്ഥാന സമിതിയിൽ വെച്ച തിരുത്തൽ രേഖയിൽ തളിപ്പറമ്പിലെ തോൽവിയെക്കുറിച്ച് പരാമർശിക്കാതിരിക്കുകയും പയ്യന്നൂരിൽ ടി.ഐ. മധുസൂദനന്റെ പരാജയം ഉൾപ്പെടുത്തുകയും ചെയ്തതിൽ കഴിഞ്ഞ ദിവസം തന്നെ പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
വിപുലീകൃത സമിതിയുടെ പൊതുചർച്ചയിൽ ഭരണപരമായ വീഴ്ചകൾക്കെതിരെയും രൂക്ഷവിമർശനമാണ് ഉയർന്നത്. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ഗുരുതരമായ പാളിച്ചയാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സാഹചര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും സി.പി.ഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയത് തിരിച്ചടിയായെന്നും അഭിപ്രായമുയർന്നു. മുന്നണിയിലെ ഒത്തിണക്കം നഷ്ടപ്പെട്ടതായും വിമർശനമുണ്ടായി. ആഗോള അയ്യപ്പ സംഗമം തെറ്റായ സമയത്താണ് സംഘടിപ്പിച്ചതെന്നും ശബരിമലയിലെ അഴിമതികൾ വലിയ പ്രത്യാഘാതം ഉണ്ടാക്കിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലാതെ പോയെന്നും അവർ കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളി നടേശന്റെ വർഗ്ഗീയ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കാതിരുന്നത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായെന്ന വിമർശനം രണ്ടാം ദിവസവും ചർച്ചയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കകൾ അകറ്റാൻ സാധിച്ചില്ലെന്നും അംഗങ്ങൾ വിലയിരുത്തി. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട പാർട്ടി നേതാക്കൾക്കെതിരെ യഥാസമയം അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയർന്നു. നേതാക്കൾക്കിടയിലെ പാർലമെന്ററി വ്യാമോഹം, സ്ഥാനാർത്ഥി നിർണ്ണയത്തിലും സംഘടനാ തലപ്പത്തുമുള്ള സ്വജനപക്ഷപാതം, സഹകരണ ബാങ്ക് പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മ എന്നിവ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പ്രാദേശിക വിഷയങ്ങളിൽ പോലും സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് പരിശോധന നടത്തണമെന്നാണ് പ്രധാന നിർദ്ദേശം. പാർട്ടി അണികളുടെ പരാതികൾ താമസമില്ലാതെ പരിഹരിക്കുക, നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്തുക, സാമ്പത്തിക അച്ചടക്കം പാലിച്ച് ധൂർത്ത് പൂർണ്ണമായി ഒഴിവാക്കുക എന്നിവ തിരുത്തൽ പ്രക്രിയയുടെ ഭാഗമാക്കണം. ഒപ്പം മതേതര കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുക, നേതാക്കളുടെ സംസാര ശൈലിയും പെരുമാറ്റവും സൗഹാർദ്ദപരമാക്കുക, വർഗ്ഗ-ബഹുജന സംഘടനകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുക, ജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുക എന്നിവയും നിർദ്ദേശിക്കപ്പെട്ടു. രാഷ്ട്രീയത്തെ അധികാരത്തിനുള്ള ഉപകരണമായി കാണാതെ ജനസേവനം പ്രധാന ലക്ഷ്യമാക്കണമെന്നും, വ്യക്തിതാൽപ്പര്യങ്ങൾക്ക് മുകളിൽ പാർട്ടി താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.





