തൃശ്ശൂർ: കോൺഗ്രസ് തൃശ്ശൂർ ജില്ലാ നേതൃത്വത്തിനുള്ളിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നു. സൈബർ പോലീസ് തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെ നിശിതമായി വിമർശിച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് താൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതിലുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നും, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാർട്ടിയെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയയിലൂടെ ഡി.സി.സി പ്രസിഡന്റിനെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ ഷാജി കോടങ്കണ്ടത്തിനും മറ്റ് എട്ട് പേർക്കുമെതിരെ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിനെതിരെ തുറന്ന വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി രംഗത്തെത്തിയത്. ടാജറ്റിന്റെ പ്രവർത്തനങ്ങൾ തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിന്റെ അടിത്തറ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒല്ലൂർ മണ്ഡലത്തിൽ താൻ നേരിട്ട പരാജയത്തിന് പിന്നിൽ ജോസഫ് ടാജറ്റാണെന്ന് കാണിച്ച് മൂന്ന് പരാതികൾ കെ.പി.സി.സിക്ക് ഷാജി സമർപ്പിച്ചിരുന്നു. ഈ പരാതികൾ നൽകിയതിലുള്ള പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ ഇപ്പോൾ സൈബർ കേസെടുപ്പിച്ചിരിക്കുന്നതെന്നും, ഡി.സി.സി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വ്യക്തമാ
ക്കി.





