കോഴിക്കോട്:സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനയിലെ എല്ലാ വീഴ്ചകളും ദൗർബല്യങ്ങളും പരിഹരിക്കുമെന്നും മാർഗ്ഗരേഖയുടെ അവതരണം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇടതുപക്ഷത്തെ തളർത്തി വർഗ്ഗീയത ഉൾപ്പെടെയുള്ള വലതുപക്ഷ അജണ്ടകൾക്ക് മേൽക്കൈ ഉറപ്പിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് ഈ റിപ്പോർട്ട് വഴി ലക്ഷ്യമിടുന്നത്. കേരളത്തിൽ നടന്നിട്ടുള്ള എല്ലാ പുരോഗമനപരമായ പരിവർത്തനങ്ങളിലും ഇടതുപക്ഷത്തിന് നിർണ്ണായക പങ്കുണ്ട്. എന്നാൽ നിലവിൽ സംസ്ഥാനത്തെ 20 ശതമാനം സാധാരണ ജനങ്ങളുടെ ജീവിതനിലവാരം താഴേക്ക് പോകുന്ന അവസ്ഥയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി തീവ്രശ്രമത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ അവർ നേടിയത് പാർട്ടി ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരുപോലെ ചെറുത്തുതോൽപ്പിക്കണം. ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രത്യയശാസ്ത്ര പ്രതിരോധം ഉയർത്താൻ സാധിക്കണം. ന്യൂനപക്ഷ അവകാശങ്ങളുടെ പേരുപറഞ്ഞ് പ്രവർത്തിക്കുന്ന മുസ്‌ലിം ലീഗിന്റെ യഥാർത്ഥ ലക്ഷ്യം സമ്പന്ന വർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കലാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രാദേശിക തലങ്ങളിൽ ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കാൻ കാര്യക്ഷമമായ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. പുതിയ പ്രവർത്തന മേഖലകളിലേക്ക് സംഘടനയുടെ ഇടപെടലുകൾ വ്യാപിപ്പിക്കണം. പാർട്ടി അംഗങ്ങളുടെ നിലവാരവും പ്രത്യയശാസ്ത്ര അടിത്തറയും വർദ്ധിപ്പിക്കുകയും പാർട്ടി വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കുകയും വേണം തുടങ്ങിയ നിർദ്ദേശങ്ങൾ മാർഗ്ഗരേഖയിലുണ്ട്. പിണറായി വിജയനെതിരെ ഇ.ഡിയും മാധ്യമങ്ങളും ചേർന്ന് നടത്തുന്നത് പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമാണെന്നാണ് ജനറൽ സെക്രട്ടറി എം.എ. ബേബി വിശേഷിപ്പിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ ഇ.ഡി എന്ന് എടുത്തുപറഞ്ഞില്ലെങ്കിലും അവർ നടത്തുന്ന കടന്നാക്രമണങ്ങളുടെ സ്വഭാവം എല്ലാവർക്കും വ്യക്തമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പ്രാദേശിക തലത്തിലെ പരാതികളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് താഴേത്തട്ടിൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ.ഡി വിഷയത്തിൽ പ്രത്യേക പ്രമേയം കൊണ്ടുവരണമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രപരമായും ആവശ്യമായ തിരുത്തലുകൾ നടപ്പാക്കും. നേതാക്കളുടെ പെരുമാറ്റരീതികളിലും മാറ്റം വരുത്തും. ഇത്തരം തിരുത്തലുകൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തും. താൻ സഭയിൽ സമർപ്പിച്ച മാർഗ്ഗരേഖയ്ക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായാണ് അംഗീകാരം നൽകിയതെന്നും അദ്ദേഹം
പറഞ്ഞു.





