തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് പ്രധാന കാരണം ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഈ കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാണെന്നും വിഷയവുമായി ബന്ധപ്പെട്ട കേസ് നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പവർകട്ട് സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പരമാവധി നേരത്തെ മുന്നറിയിപ്പുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ അത്ഭുതകരമായ വഴികളൊന്നുമില്ല. സ്വിച്ചിട്ടതുപോലെ ഉടനടി മാറ്റമുണ്ടാക്കാൻ കഴിയുന്ന വിഷയമല്ലിത്; എങ്കിലും പരിഹാരത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ വൈദ്യുതി മുടങ്ങുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അടിയന്തരമായി പവർകട്ട് ഏർപ്പെടുത്തേണ്ട അവസ്ഥയുണ്ടായി. ഈ പ്രതിസന്ധി കേരളത്തിൽ മാത്രമുള്ളതല്ല; ദേശീയതലത്തിൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തിന്റെ ഭാഗമാണിത്. എൽനിനോ പ്രതിഭാസം കാരണം മഴ കുറയുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്തതോടെ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പീക്ക് ഡിമാൻഡ് 3700 മെഗാവാട്ട് ആയിരുന്നെങ്കിൽ ഇന്നലെയത് 5000 മെഗാവാട്ട് കടന്നു. ആവശ്യകതയിൽ 900 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും ദീർഘകാല കരാർ വഴി 650 മെഗാവാട്ടും ഹ്രസ്വകാല കരാറിലൂടെ 100 മെഗാവാട്ടുമാണ് ലഭിക്കുന്നത്. ഈ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് തന്നിരുന്നു.
കാലാവസ്ഥാ മാറ്റമാണ് സ്ഥിതി വഷളാക്കിയത്. ആന്ധ്രാപ്രദേശ് അവരുടെ ആവശ്യത്തിന്റെ 80 ശതമാനത്തിലധികം വൈദ്യുതി സ്വന്തമായി ഉൽപ്പാദിപ്പിക്കുമ്പോൾ കേരളത്തിൽ ആഭ്യന്തര ഉൽപ്പാദനം വെറും 25 ശതമാനം മാത്രമാണ്. വൈദ്യുതി ലഭ്യമാക്കാനുള്ള എല്ലാ വഴികളും പരിശോധിച്ചു. ടെൻഡർ വിളിച്ചെങ്കിലും കരാറുകൾ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഈ അസാധാരണ ഘട്ടത്തിൽ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സ്വാപ് (swap) വഴി ലഭ്യമാക്കിയ വൈദ്യുതി സെപ്റ്റംബർ പകുതിയോടെ തീരും. രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പരമാവധി ഒഴിവാക്കണം. ഒക്ടോബറോടെ ചില മേഖലകളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. വൈകീട്ട് 6.30 മുതൽ അർദ്ധരാത്രി 12.30 വരെയുള്ള സമയത്ത് നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ അറിയിപ്പ്. ഇന്നലെ രാത്രിയിലും വിവിധ ഭാഗങ്ങളിൽ പലതവണ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കനത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിട്ടതും അതനുസരിച്ച് പുറത്തുനിന്ന് വൈദ്യുതി ലഭിക്കാത്തതുമാണ് നിയന്ത്രണങ്ങൾക്ക് കാരണം. ഈ അവസ്ഥ തുടരുന്നതിനാൽ വരും ദിവസങ്ങളിലും നിയന്ത്രണം നീണ്ടേക്കും.





