പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനായി ചിറ്റൂർ ഗവൺമെന്റ് കോളേജിന് അവധി പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ. കാമ്പസിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന എസ്.എഫ്.ഐയുടെ പരിപാടി തടഞ്ഞതായും സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് ഇത്തരത്തിൽ വിലക്കിയതെന്നും ഹെലികോപ്റ്റർ ഇറക്കാനായി വിദ്യാർത്ഥികൾക്ക് അവധി നൽകിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സുരക്ഷാ അകമ്പടി വാഹനങ്ങൾ ചുരുക്കുമെന്നും അനാവശ്യ ക്രമീകരണങ്ങൾ പൂർണ്ണമായി ഒഴിവാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും വീൺവാക്ക് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്ന് സഞ്ജീവ് വിമർശിച്ചു. പറയുന്നതിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവകാശം തടസ്സപ്പെടുത്തുകയും എസ്.എഫ്.ഐയുടെ പരിപാടിയെ ഭയന്ന് അത് റദ്ദാക്കുകയും ചെയ്യുന്നതാണ് നിലവിലെ മുഖ്യമന്ത്രിയുടെ രീതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.





