തിരുവനന്തപുരം: സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ സംസ്ഥാന പോലീസ് മേധാവിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ശുപാർശയോട് പ്രതികരിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്. ഏത് തരത്തിലുള്ള അന്വേഷണത്തെയും നിയമവഴികളിലൂടെ നേരിടുമെന്നും ഒന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെല്ലാം തരത്തിലുള്ള തിരക്കഥകൾ മെനഞ്ഞ് വിഷയത്തെ വഴിതിരിച്ചുവിടാൻ ശ്രമിച്ചാലും നിരപരാധികൾ എപ്പോഴും നിരപരാധികളായിത്തന്നെ തുടരും. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ യാതൊരുവിധ അന്വേഷണങ്ങളെക്കുറിച്ചും ആശങ്കയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഥകൾ ചമയ്ക്കുന്നതിൽ പലരും മിടുക്ക് കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ജീവനുള്ള മനുഷ്യന്റെ മാംസം കടിച്ചുതിന്നുന്നതിന് തുല്യമായ പ്രചാരണങ്ങളാണ് കുറച്ചുകാലമായി വാർത്തകളിലൂടെ പുറത്തുവരുന്നത്. അതൊക്കെ അവരുടെ രീതിയിൽ തുടരട്ടെ; തങ്ങൾ തെറ്റുകാരല്ലെന്ന ഉത്തമബോധ്യമുണ്ട്. ഏത് തലത്തിലുള്ള പരിശോധനകൾ നടത്തിയാലും തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടും. ഇതിലൊന്നും തളരില്ലെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അന്വേഷണം തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇ.ഡിയുടെ പ്രവർത്തനരീതിയും അതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും രാജ്യത്തിന് നന്നായി അറിയാവുന്ന കാര്യമാണ്. ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ ഇത്തരത്തിൽ സൃഷ്ടിക്കപ്പെടട്ടെ; ഇതുകൊണ്ടൊന്നും പേടിച്ചോടുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. എത്ര വേട്ടയാടാൻ നോക്കിയാലും തെറ്റ് ചെയ്യാത്ത കാലത്തോളം ഭയപ്പെടേണ്ട സാഹചര്യമില്ല. ഇ.ഡിയുടെ നിർദ്ദേശാനുസരണം യു.ഡി.എഫ് ഭരണകൂടം കേസ് എടുക്കുമോ എന്ന ചോദ്യത്തിന്, ആ കാര്യം തീരുമാനിക്കേണ്ടത് യു.ഡി.എഫ് സർക്കാരാണെന്നായിരുന്നു റിയാസിന്റെ മറുപടി. ഏത് ഏജൻസി അന്വേഷിച്ചാലും സ്വന്തം നിരപരാധിത്വം പൂർണ്ണമായും തെളിയിക്കാനാകുമെന്ന തികഞ്ഞ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ നിരീക്ഷണങ്ങളാണ് ഇതിലുള്ളത്. മകൾ വീണ ടി വഴി പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്നും 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കത്തിലെ പ്രധാന പരാമർശം. മുഹമ്മദ് റിയാസ്, എക്‌സാലോജിക് മേധാവി വീണ എന്നിവരെക്കുറിച്ചും ഗുരുതര വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. ലഭിച്ച കൈക്കൂലിത്തുക വീണ വഴിയും മറ്റ് സുഹൃത്തുക്കൾ വഴിയും റിയാസ് ദുബായിലേക്ക് കടത്തിയെന്നാണ് ഏജൻസിയുടെ വാദം. പണം വാങ്ങുന്നതിനും വിദേശത്തേക്ക് മാറ്റുന്നതിനും വീണ തന്റെ പിതാവായ പിണറായി വിജയനെയും ഭർത്താവായ റിയാസിനെയും സഹായിച്ചതായും ഇതിനായി എക്‌സാലോജിക് സൊല്യൂഷൻസിന്റെ വാഹനം ഉപയോഗിച്ചതായും ഇ.ഡി ആരോപിക്കുന്നു. സി.എം.ആർ.എൽ എം.ഡി കൈക്കൂലി നൽകിയതിനൊപ്പം മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ സാമ്പത്തിക നീക്കങ്ങൾക്ക് സഹായം ചെയ്തതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം കൈക്കൂലിപ്പണം വാങ്ങുന്നതിലും വിദേശത്തേക്ക് എത്തിക്കുന്നതിലും വീണയെയും റിയാസിനെയും ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി, നന്ദുലാൽ എം എന്നിവർ തുണച്ചതായും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.





