തിരുവനന്തപുരം: വിപണിയിലെ സവാള വിലക്കയറ്റം പിടിച്ചുനിർത്താൻ സമയബന്ധിതമായ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഹോർട്ടികോർപ്പ് വഴി 100 ടൺ സവാള അടിയന്തരമായി വിപണിയിലെത്തിക്കും. പ്രാഥമിക ഘട്ടമായി ലഭ്യമാക്കിയ 20 ടൺ സവാളയിൽ 10 ടൺ വീതം തെക്കൻ കേരളത്തിലും മലബാർ മേഖലയിലുമായി വിതരണത്തിന് കൈമാറും. കിലോഗ്രാമിന് 35 രൂപ നിരക്കിലായിരിക്കും ഇത് ലഭ്യമാക്കുക.
സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയുള്ള വിതരണവും ഉടൻ ആരംഭിക്കും. വ്യാഴാഴ്ചയോടെ 30 ടൺ സവാള കൂടി സംസ്ഥാനത്ത് എത്തിച്ചേരും. പൊതുവിപണിയിൽ 80 രൂപ വരെയെത്തിയിരുന്ന സവാളയുടെ വില നിലവിൽ 65-70 രൂപയിലേക്ക് താഴ്ന്നിട്ടുണ്ടെന്നും, സർക്കാർ ഇടപെടലിലൂടെ ഇത് കൂടുതൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ജില്ലയിൽ ജനങ്ങളിലേക്ക് സവാള എത്തിക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിപണന യൂണിറ്റുകൾ ഉപയോഗിക്കും.
ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയ കർഷകർക്കുള്ള പണം അന്നേദിവസം രാത്രിയും തൊട്ടടുത്ത ദിവസവുമായി വിതരണം ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ വിളനാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും; ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) വിജ്ഞാപനം വന്നയുടൻ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ തെങ്ങ് കൃഷിയുടെ പുനരുദ്ധാരണവും സമഗ്ര വളർച്ചയും ലക്ഷ്യമാക്കി 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ നാളികേര വികസന ബോർഡിൽ നിന്ന് 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായ 41 കോടി രൂപയും സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





