ഇടുക്കി: മൂന്നാർ കന്നിമല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിക്ക് നേരെ രണ്ട് കാട്ടാനകൾ പാഞ്ഞടുത്തു. വന്യമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് തൊഴിലാളിയായ പാണ്ടിരാജ് രക്ഷപ്പെട്ടത്. കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ ഇന്ന് പകൽ സമയത്തായിരുന്നു സംഭവം. ലയത്തിന് വെളിയിൽ നിൽക്കുകയായിരുന്ന ഇയാളുടെ അടുത്തേക്ക് രണ്ട് കാട്ടാനകൾ ചീറിയടുക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ലയത്തിന് തൊട്ടരികിൽ കാട്ടാനകൾ എത്തിയതിനെത്തുടർന്ന് ജീവനും കൊണ്ടോടിയാണ് താൻ രക്ഷപ്പെട്ടതെന്ന് പാണ്ടിരാജ് വ്യക്തമാക്കി. ആനകളുടെ സാന്നിധ്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ച ശേഷം വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. സമീപത്തെ ബംഗ്ലാവിലേക്ക് ഓടിക്കയറി അഭയം പ്രാപിക്കാൻ കഴിഞ്ഞതിനാലാണ് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മൂന്നാർ ടൗണിനോട് ചേർന്നുകിടക്കുന്ന ലോവർ ഡിവിഷൻ തേയിലത്തോട്ടത്തിൽ രണ്ട് കാട്ടാനകൾ തമ്പടിക്കുകയായിരുന്നു. ലയത്തിന് പുറത്തുണ്ടായിരുന്ന പാണ്ടിരാജിനെ കണ്ടതോടെ ഇവ അക്രമണോത്സുകതയോടെ ഇയാൾക്ക് നേരെ പാഞ്ഞടുക്കുകയാണുണ്ടായത്. അപകടം തിരിച്ചറിഞ്ഞ് ഉടൻ തന്നെ തിരിഞ്ഞോടിയതിനാലാണ് ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാട്ടാനകളുടെ സാന്നിധ്യമുണ്ടാകാൻ ഇടയുള്ള പ്രദേശമായതിനാൽ ഇവിടങ്ങളിൽ നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.





