തൃശൂർ: ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഉദ്ഘാടനം ചെയ്ത് കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജിത റാണി. തൃശൂർ നഗരത്തിൽ നടന്ന ശോഭായാത്രയുടെ ഉദ്ഘാടന വേദിയിലെത്തിയ വി.സി, ശ്രീകൃഷ്ണൻ മാനവികതയുടെ ഉദാത്ത മാതൃകയാണെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.
നേരത്തെ, സംസ്ഥാന സർക്കാരിന്റെ ശുപാർശ പട്ടിക തള്ളി ഗവർണർ ഡോ. ടി. സജിത റാണിയെ വി.സിയായി അവരോധിച്ചത് വൻ രാഷ്ട്രീയ-ഭരണ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബി. അശോകിനെ സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാസർകോട് പടന്നക്കാട് കാർഷിക കോളേജിലെ ഡീനായിരുന്ന ഡോ. ടി. സജിതാ റാണിയെ നിയമിച്ചത്.
ബി. അശോക് കൃഷി വകുപ്പിൽ നിന്ന് മാറിയ ഘട്ടത്തിലാണ് സജിതാ റാണിക്ക് ഈ തസ്തികയുടെ ചുമതല ഗവർണർ കൈമാറിയത്. പ്രസ്തുത പദവിയിലേക്ക് മൂന്ന് പേരുടെ പാനൽ കൃഷിവകുപ്പ് സമർപ്പിച്ചിരുന്നുവെങ്കിലും, ആ നിർദ്ദേശങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ഗവർണറുടെ നിയമന ഉത്തരവുണ്ടായത്. അധ്യാപക പരിഷത്തിന്റെ പ്രമുഖ നേതാവ് കൂടിയാണ് ഡോ. സജിത റാണി.





