Malayali Media
Kerala

ഒരു സമുദായത്തോടും വിരോധമില്ല, മതപാർട്ടികൾ ജനാധിപത്യം തട്ടിയെടുത്തു; സത്യം പറയുന്നതിനാൽ വേട്ടയാടപ്പെടുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

29 Aug 20262 views 3 min read
ഒരു സമുദായത്തോടും വിരോധമില്ല, മതപാർട്ടികൾ ജനാധിപത്യം തട്ടിയെടുത്തു; സത്യം പറയുന്നതിനാൽ വേട്ടയാടപ്പെടുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ
Advertisement

കണ്ണൂർ: നേരുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ നിരന്തരമായ വേട്ടയാടൽ നടക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ള കാര്യങ്ങൾ വളച്ചൊടിക്കാതെ നേരിട്ട് തുറന്നുപറയുന്നതാണ് തന്റെ ശൈലിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ സംഘടിപ്പിച്ചവരുണ്ടെന്നും, ഇതിൽ മതം പറഞ്ഞ് ആളുകളെ കൂട്ടിയവർ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും മതം മാത്രം പറയുന്നവരെക്കുറിച്ച് ഇവിടെ യാതൊരു ചർച്ചകളുമില്ല; എന്നാൽ താനാണ് ഇതേ കാര്യം പറഞ്ഞിരുന്നതെങ്കിൽ തന്റെ തലയെടുക്കുമായിരുന്നു. താൻ ഒരു ജനവിഭാഗത്തിനും എതിരല്ലെന്നും സ്വന്തം സമുദായത്തിന്റെ വേദനകൾ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം, വിമർശിച്ചത് മുസ്‌ലിം ലീഗിനെയാണെന്നും മുസ്‌ലിം സമുദായത്തെയല്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തു വർഷം എൽ.ഡി.എഫ് സംസ്ഥാനം ഭരിച്ചുവെങ്കിൽ അത് മുന്നണിയെ നയിച്ചവരുടെ മികവുകൊണ്ടാണ്. ഭരണം നഷ്ടമായത് ആരുടെ തെറ്റുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം. തന്റെ ഇടപെടലുകളാണ് തോൽവിക്ക് കാരണമെങ്കിൽ വടക്കൻ ജില്ലകളിൽ ഇത്രയധികം വോട്ട് എങ്ങനെ ലഭിച്ചുവെന്നും, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പഠിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും വെള്ളാപ്പള്ളി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഗണപതി മിത്താണെന്ന് പരസ്യമായി പറഞ്ഞ ആളല്ലേ ഷംസീറെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ മതപാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. നിയമസഭയിൽ സ്വന്തമായി ഭരിക്കാനുള്ള അത്രയും അംഗബലം ഇന്ന് അവർക്കുണ്ട്. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ചവർ എവിടെയെത്തി നിൽക്കുന്നുവെന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നിന്ന് എന്തെങ്കിലും ആവശ്യം ഉയർന്നുവന്നാൽ ഉടനടി നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കപ്പെടുന്നു. എന്നാൽ മലപ്പുറത്ത് മാത്രമല്ല, കാസർകോട്ടും ഈഴവ സമുദായത്തിന് ഒന്നും തന്നെ ലഭിക്കുന്നില്ല. ഈ വിവേചനവും വിഷമവും മലപ്പുറത്ത് വെച്ച് തുറന്നുപറഞ്ഞാൽ കുലദ്രോഹിയായി ചാപ്പകുത്തുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ സംസാരിച്ചത് ജാതിയെക്കുറിച്ചല്ല, മറിച്ച് അർഹതപ്പെട്ട നീതിയെക്കുറിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് സമുദായങ്ങൾ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അത് നീതിയായും, തങ്ങൾ സംസാരിക്കുമ്പോൾ അത് ജാതിയായും ചിത്രീകരിക്കപ്പെടുന്ന ഇരട്ടത്താപ്പാണ് നിലനിൽക്കുന്നത്. പി.എസ്.സിയിൽ മുസ്‌ലിം പ്രാതിനിധ്യം പുനഃസ്ഥാപിച്ചപ്പോൾ ഈഴവ സമുദായത്തെ തിരിഞ്ഞുനോക്കാൻ ആരും തയ്യാറായില്ല. പണ്ടുമുതലേ അയിത്തം കൽപ്പിച്ച് അകറ്റിനിർത്തുന്ന സമീപനമാണ് ഈഴവരോട് തുടരുന്നത്. എന്നും നീതി നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജാതി അടിസ്ഥാനത്തിൽ സംവരണം നൽകുന്ന നാട്ടിൽ സ്വന്തം സമുദായത്തിന്റെ പേര് പറയുന്നത് അപമാനമല്ല, തനിക്ക് അഭിമാനമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചാനൽ ചർച്ചകളിൽ നിരന്തരം തന്നെ അധിക്ഷേപിക്കാറുണ്ടെന്നും തനിക്ക് പത്മഭൂഷൺ ലഭിച്ച സമയത്ത് എന്തെല്ലാം മോശം പ്രചാരണങ്ങളാണ് നടത്തിയതെന്നും എന്നാൽ അതിനൊന്നും മറുപടി നൽകാൻ താൻ പോയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Tags:#vellpally nateshan
Advertisement

Related News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ കസ്റ്റഡിയിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ കസ്റ്റഡിയിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം

സി.പി.ഐ.എം സെമിനാറിലെ ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം മുശാവറ ഗൗരവമായി വിലയിരുത്തും; വ്യക്തിഗത പ്രസ്താവനകളിൽ വീഴരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

സി.പി.ഐ.എം സെമിനാറിലെ ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം മുശാവറ ഗൗരവമായി വിലയിരുത്തും; വ്യക്തിഗത പ്രസ്താവനകളിൽ വീഴരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

സുകുമാരക്കുറുപ്പ് തിരോധാനക്കേസ്: പുതിയ വെളിപ്പെടുത്തലുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം; കൂടുതൽ പേരെ ചോദ്യം ചെയ്യും

സുകുമാരക്കുറുപ്പ് തിരോധാനക്കേസ്: പുതിയ വെളിപ്പെടുത്തലുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം; കൂടുതൽ പേരെ ചോദ്യം ചെയ്യും

സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചു; തൊടുപുഴ ഗ്രേഡ് എസ്.ഐ വിജേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചു; തൊടുപുഴ ഗ്രേഡ് എസ്.ഐ വിജേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല; നിലപാട് മാറ്റി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല; നിലപാട് മാറ്റി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Comments

Add a Comment

Our Channels

ഒരു സമുദായത്തോടും വിരോധമില്ല, മതപാർട്ടികൾ ജനാധിപത്യം തട്ടിയെടുത്തു; സത്യം പറയുന്നതിനാൽ വേട്ടയാടപ്പെടുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ | Malayali Media