തിരുവനന്തപുരം: ചതയദിന പരിപാടിയിൽ പങ്കെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ഡി.സി.സി അംഗം ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശ്രീകാര്യം പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, മോശം പെരുമാറ്റം, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി. സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയടക്കം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് അനിലിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് അനിലിന്റെ വിശദീകരണം.
അതേസമയം, ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറക്കുന്നതിനിടെ കസ്റ്റഡിക്ക് പിന്നിൽ കോൺഗ്രസിനകത്തെ ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന ഗുരുതര ആരോപണവുമായി ചേന്തി അനിൽ രംഗത്തെത്തി. താൻ ജാമ്യം എടുക്കാൻ പോവുകയാണെന്നും പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അനിലിനെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള അച്ചടക്ക നടപടികളിലേക്ക് പാർട്ടി കടന്നേക്കുമെന്നാണ് സൂചന. ഡി.സി.സി അധ്യക്ഷൻ എൻ. ശക്തൻ മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശനെ തടഞ്ഞ സംഭവത്തിൽ കെ.പി.സി.സി സെക്രട്ടറി ലത്തീഫിനെതിരെ നടപടി സ്വീകരിച്ചതുപോലെ, അനിലിനെതിരെയും നടപടി വേണമെന്ന് സതീശൻ അനുകൂലികൾ ഡി.സി.സിയോട് ആവശ്യപ്പെട്ടേക്കും.
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ ചേന്തിയിൽ വെച്ച് കോൺഗ്രസ് പ്രാദേശിക പ്രവർത്തകർ കൈകാണിച്ച് തടയുകയായിരുന്നു. മുഖ്യമന്ത്രിയോട് പ്രവർത്തകർ മോശമായി സംസാരിച്ചതായി പോലീസ് പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പട്ടികയിൽ ഈ പരിപാടി ഉൾപ്പെട്ടിരുന്നില്ല. എങ്കിലും എല്ലാ വർഷവും ചെമ്പഴന്തിയിലെത്തുന്ന മുഖ്യമന്ത്രിമാർ ഈ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാറുള്ളതാണെന്നും നേരത്തെ സമയം ഉറപ്പുനൽകിയ ശേഷം അവസാന നിമിഷമാണ് പിന്മാറിയതെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന വിവരം മുൻകൂട്ടിത്തന്നെ സംഘാടകരെ ധരിപ്പിച്ചിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
മുഖ്യമന്ത്രി എത്താതിരുന്നതിനെത്തുടർന്ന് സംഘാടകർ ചടങ്ങ് ബഹിഷ്കരിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കെതിരെ ചേന്തി അനിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മാസങ്ങൾക്ക് മുൻപേ സമയം വാങ്ങിയതാണെന്നും അവസാന നിമിഷം വരെ എത്തുമെന്ന് അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉള്ളൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി തങ്ങളുടെ പരിപാടി ഒഴിവാക്കുകയാണുണ്ടായത്. വാഹനത്തിന് കൈകാണിച്ചപ്പോൾ മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി മോശമായ രീതിയിലാണ് സംസാരിച്ചതെന്നും ഒപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി പിടിച്ചുമാറ്റിയെന്നും ചേന്തി അനിൽ വെളിപ്പെടുത്തിയിരുന്നു.





