തൃശ്ശൂർ: എയിംസ് വിഷയത്തിൽ മുൻപ് നടത്തിയ പ്രസ്താവനകളിൽ നിന്ന് മലക്കംമറിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ എയിംസ് എന്ന വാക്ക് പോലും ഉച്ചരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാലത്തെ പ്രസംഗങ്ങളെല്ലാം പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് തൃശ്ശൂരിന് എയിംസ് ഏറ്റവും അനുയോജ്യമാണെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ സഹകരണമുണ്ടെങ്കിൽ മാത്രമേ തൃശ്ശൂരിൽ എയിംസ് യാഥാർത്ഥ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റത്തൂർ പഞ്ചായത്തിൽ നാനൂറ് ഏക്കറോളം ഭൂമിയുണ്ട്. ഉപയോഗശൂന്യമെന്ന് പറയാൻ കഴിയില്ലെങ്കിലും മണ്ണുത്തിയിലും പോലീസ് അക്കാദമിയിലുമായി പദ്ധതിക്കായി ഏറ്റെടുക്കാവുന്ന ഭൂമിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ താല്പര്യക്കുറവ് കാണിച്ചിരുന്നുവെങ്കിലും നിലവിലെ സർക്കാർ ആ സമീപനം ആവർത്തിക്കില്ലെന്നാണ് കരുതുന്നത്. എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഒറ്റക്കെട്ടായി നിന്നാൽ എയിംസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കാൻ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എയിംസിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ അവകാശവാദം വലിയ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയായി എത്തുന്നതിന് മുൻപ് എയിംസ് സംബന്ധിച്ച് താൻ സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ മുൻപ് പറഞ്ഞിരുന്നു. അന്ന് ആലപ്പുഴയിലാണ് എയിംസ് വരേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുൻപ്, 'എയിംസ് വരും കേട്ടോ മറ്റേ മോനേ' എന്ന അദ്ദേഹത്തിന്റെ വിവാദ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നതും, പിന്നീട് ആ വാക്കുകളിൽ നിന്ന് അദ്ദേഹം പിന്നോട്ടുപോയതും ശ്രദ്ധേയമായിരുന്നു.





