മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സർക്കുലറിനെ പിന്തുണച്ച് സമസ്ത ഇ.കെ വിഭാഗം നേതാക്കൾ രംഗത്തെത്തി. മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി തുടങ്ങിയ പ്രമുഖ നേതാക്കളാണ് പരസ്യമായി കാന്തപുരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ആർക്കെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മതപരമായ കാര്യങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണെന്ന് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.
ഇസ്‌ലാമിക നിയമങ്ങൾ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനവേളയിൽ ഇത്തരം നിർദ്ദേശങ്ങൾ തികച്ചും സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിയമങ്ങൾ പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുകളിൽ കുറ്റം കണ്ടെത്തുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ. വിശ്വാസികളുടെ ജീവിതരീതികൾക്ക് കൃത്യമായ ചിട്ടവട്ടങ്ങളും അതിരുകളും മതം നിശ്ചയിച്ചിട്ടുണ്ട്. മിലാദ് റാലിയായാലും ഓണാഘോഷമായാലും കാലാകാലങ്ങളിൽ അത്തരം കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ പണ്ഡിതന്മാരും സംഘടനാ നേതൃത്വവും ബാധ്യസ്ഥരാണെന്നും മുസ്തഫ മുണ്ടുപാറ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മതപരമായ വിധികൾ ഓർമ്മിപ്പിക്കാനുള്ള അധികാരം പണ്ഡിതനായ കാന്തപുരത്തിനുണ്ടെന്നാണ് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കിയത്. മതനിയമങ്ങൾ പഠിപ്പിക്കാനും അത് ബോധ്യപ്പെടുത്താനുമാണ് മതപണ്ഡിതന്മാർ നിലകൊള്ളുന്നത്. അദ്ദേഹത്തെ മാതൃകയാക്കുന്ന സ്ത്രീകൾ പൊതുവിടങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് നിർദ്ദേശിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്; യോജിപ്പില്ലാത്തവർക്ക് അത് നിരാകരിക്കാം. എന്നാൽ ഇത്തരം കാര്യങ്ങൾ പറയാൻ പാടില്ലെന്ന ശാസന കാന്തപുരത്തോടോ മറ്റ് മതപണ്ഡിതന്മാരോടോ ആരും കാട്ടേണ്ടതില്ലെന്നും നാസർ ഫൈസി കൂടത്തായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.
അന്യപുരുഷന്മാർ ഇടകലരുന്ന വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും, ആഘോഷങ്ങൾ പരിധി ലംഘിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവന. നബിദിനാഘോഷങ്ങളിൽ സ്ത്രീകൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മഹല്ലുകൾക്കും മദ്രസകൾക്കുമായി സമസ്ത കാന്തപുരം വിഭാഗം ഈ നിർദ്ദേശം നൽകിയത്.





