കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി. അൻവർ. തോൽവിക്ക് പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ആവർത്തിച്ചത്. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞപ്പോൾ ഇടതുകോട്ടകളിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ തനിക്ക് സാധിച്ചുവെന്ന് അൻവർ വ്യക്തമാക്കി. ചില യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് രംഗത്ത് ഒപ്പം നിന്നില്ല. പ്രചാരണ സാമഗ്രികളായ പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യാതെ കെട്ടിക്കിടന്നത് നേരിൽ കണ്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബേപ്പൂരിൽ വിജയം നേടാനായില്ലെങ്കിലും തന്റെ സ്ഥാനാർത്ഥിത്വം മലബാർ മേഖലയിൽ മുന്നണിക്ക് വലിയ ഗുണം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. പിണറായിസവും മരുമോനിസവും സജീവ ചർച്ചയാക്കാൻ സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വോട്ടിംഗുമായി ബന്ധപ്പെട്ട കൂടുതൽ കണക്കുകൾ വരുംദിവസങ്ങളിൽ പരസ്യപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
ബേപ്പൂരിൽ താൻ തോറ്റതാണോ അതോ പരാജയപ്പെടുത്തിയതാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അൻവറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽത്തന്നെ അപകടം വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സഭയുടെ അവസാന സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ഇടതു സ്ഥാനാർത്ഥി മണ്ഡലത്തിൽ തമ്പടിച്ച് ചിട്ടയായ പ്രവർത്തനം നടത്തി. എന്നിട്ടും യു.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പോരാട്ടം മുന്നോട്ട് കൊണ്ടുപോകേണ്ട ഭാരം തനിക്ക് ഒറ്റയ്ക്ക് ചുമക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേപ്പൂരിൽ എൽ.ഡി.എഫിന്റെ ലീഡ് കുറച്ചാൽ മറ്റ് മേഖലകളിലെ കാര്യങ്ങൾ തങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു കോൺഗ്രസ് നൽകിയ വാഗ്ദാനം. താൻ ആ ഉറപ്പ് നിറവേറ്റിയെങ്കിലും യു.ഡി.എഫ് നേതൃത്വം വലിയ വീഴ്ച വരുത്തുകയാണുണ്ടായത്. യു.ഡി.എഫ് അധികാരത്തിലുള്ള ഫറോക്ക്, രാമനാട്ടുകര നഗരസഭകളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പ്രാദേശിക നേതാക്കളുടെ വസതികളിൽ നേരിട്ടെത്തി സംസാരിച്ചപ്പോൾ അവർ കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചില അസുഖകരമായ വെളിപ്പെടുത്തലുകളും വാർത്തകളുമാണ് ഇപ്പോൾ ഇത്തരമൊരു പ്രതികരണത്തിന് തന്നെ നിർബന്ധിതനാക്കിയതെന്നും പി.വി. അൻവർ വ്യക്തമാക്കി.





