കോട്ടയം: ബാർ ഉടമകളുമായുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെത്തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വസതിയിൽ അർദ്ധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ. നടപടിയുടെ ഭാഗമായി ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറിന്റെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ആരോപണങ്ങളിൽ വിശദീകരണം നൽകുന്നതിനായി അശോക് കുമാറിനെ അടിയന്തരമായി എക്സൈസ് കമ്മീഷണറേറ്റിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്യുന്നുവെന്ന ആരോപണങ്ങളും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണറുടെ ഭാഗത്തുനിന്ന് നാടകീയവും അസാധാരണവുമായ ഈ നടപടിയുണ്ടായത്.
കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു എക്സൈസ് വിജിലൻസ് ഓഫീസറുമൊത്ത് നേരിട്ടെത്തിയാണ് അശോക് കുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ബാർ ഉടമകളുമായുള്ള അനധികൃത പണമിടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ തെളിവുകൾ ലഭിച്ച ശേഷമായിരുന്നു ഈ മിന്നൽ പരിശോധന. റെയ്ഡിൽ ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചെടുത്ത സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ ഇടപാടുകൾ വ്യക്തമാക്കുന്ന നിർണ്ണായക വിവരങ്ങൾ ഫോണിൽ നിന്നും ലഭിച്ചതായാണ് വിവരം.





