കൊച്ചി: എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ആൺസുഹൃത്തിന്റെ അക്രമത്തിൽ യുവതി കൊല്ലപ്പെട്ടു. ചൂണ്ടി സ്വദേശിനിയായ സുരമ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം നടക്കുന്നത്. ദീർഘനാളുകളായി ഇരുവരും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ചുണ്ടായ വാഗ്വാദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
കൊടുങ്ങല്ലൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വസതിയിൽ നിന്നും ഇറങ്ങിയത്. തുടർന്ന് ഷിബിൻ ആവശ്യപ്പെട്ടതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. തുടർന്ന് ബൈക്കിൽ യുവതിയെ ഷിബിൻ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവിടെവച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം ഷിബിൻ തന്നെയാണ് വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.





