കൊച്ചി: സംസ്ഥാന ഭരണകൂടം വളരെ തന്ത്രപരമായിട്ടാണ് ആർ.എസ്.എസിന്റെ അജണ്ടകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് കുറ്റപ്പെടുത്തി. വന്ദേമാതരം സംബന്ധിച്ച വിഷയം മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലെ പ്രതികരണങ്ങൾക്ക് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിമർശനം. മുഖ്യമന്ത്രി ഉന്നയിക്കുന്നത് കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളല്ല, മറിച്ച് ആർ.എസ്.എസിന്റെ അജണ്ടയാണെന്ന് പി. രാജീവ് ചൂണ്ടിക്കാണിച്ചു.
വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന് കേന്ദ്ര നിയമത്തിൽ എവിടെയും അനുശാസിക്കുന്നില്ല. അതിനെ അനാദരിക്കാൻ പാടില്ല എന്ന് മാത്രമാണ് നിയമത്തിൽ വ്യക്തമാക്കുന്നത്. ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമൊപ്പം വന്ദേമാതരത്തെയും ചേർത്തു എന്ന് മാത്രമാണുള്ളത്. ഭരണഘടനയുടെ 51എ വകുപ്പിൽ ഇതേക്കുറിച്ച് കൃത്യമായി ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് സർസംഘ്ചാലക് പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നതെന്ന് രൂക്ഷമായി പരിഹസിച്ച പി. രാജീവ്, മുഖ്യമന്ത്രി അറിയാതെ ചീഫ് സെക്രട്ടറി നേരിട്ട് കത്തയക്കാൻ തയ്യാറാകുമോ എന്നും ചോദ്യമുന്നയിച്ചു. നാളെ ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ അല്ല എന്ന് പഠിപ്പിക്കാൻ കേന്ദ്ര ഭരണകൂടം ആവശ്യപ്പെട്ടാൽ സംസ്ഥാന സർക്കാർ അത് നടപ്പിലാക്കുമോ എന്നും സി.പി.ഐ.എം നേതാവ് ചോദിച്ചു.
പി.എം.എ.വൈ പദ്ധതിയുടെ ലോഗോ വീടുകളിൽ പതിപ്പിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സർക്കാർ പൂർണ്ണമായും ആർ.എസ്.എസിന് മുന്നിൽ മുട്ടുമടക്കുകയാണെന്നതിന്റെ തെളിവാണിത്. എത്ര ലളിതമായിട്ടാണ് ഇതൊക്കെ നടപ്പിലാക്കുമെന്ന് ഇവർ അവകാശപ്പെടുന്നത്. ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടായില്ലെങ്കിലും വീടുകളിൽ ലോഗോ സ്ഥാപിക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയത്.
മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ വാർത്താ കാർഡുകൾ മെറ്റാ നീക്കം ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ മെറ്റയ്ക്ക് നിർദ്ദേശം നൽകിയത് സംസ്ഥാന ഭരണകൂടമാണോ അതോ നരേന്ദ്ര മോദിയാണോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ചട്ടങ്ങൾ അനുസരിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലുള്ള കേന്ദ്ര ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസോ (ഡി.ജി.പി) ഔദ്യോഗികമായി കത്തയക്കാതെ ഇത് നീക്കം ചെയ്യാൻ സാധിക്കില്ലെന്നത് ഇതിന് തെളിവാണ്. ഭരണകൂടത്തിന്റെ നിർദ്ദേശം ലഭിക്കാതെ മെറ്റാ ഒരിക്കലും വാർത്തകൾ ഒഴിവാക്കില്ല. മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം, നവകേരള സദസ്സിൽ ഊർജ്ജസ്വലമായി പ്രതിഷേധിക്കാൻ ലഹരിക്കേസ് പ്രതികളെ അയച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും പരിഹാസരൂപേണ കൂട്ടിച്ചേർത്തു.





