കാസർകോട്: ജീവിതത്തിലെ പ്രയാസങ്ങൾ പരിഹരിച്ചു നൽകാം എന്ന് വിശ്വസിപ്പിച്ച് ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതി പോലീസ് പിടിയിലായി. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസന്റാണ് 13.16 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. ഹൈക്കോടതി മുഖേന വിവാഹമോചന നടപടികൾ വേഗത്തിൽ തീർപ്പാക്കി തരാമെന്ന് കാസർകോട് ഉദുമ നിവാസിയായ യുവതിയെ ബോധ്യപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഫേസ്ബുക്കിലൂടെ ആരംഭിച്ച പരിചയം പിന്നീട് വാട്‌സ്ആപ്പിലേക്ക് മാറ്റിയാണ് പ്രതി പണം തട്ടിയെടുത്തത്. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രത്യേക പൂജകൾ നടത്തിയാൽ ദാമ്പത്യപരമായ അസ്വസ്ഥതകളും മറ്റ് വിഷമതകളും നീങ്ങുമെന്നും ഹൈക്കോടതിയിലുള്ള വിവാഹമോചന കേസ് എളുപ്പത്തിൽ തീർപ്പാക്കാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ വഞ്ചിച്ചത്. പൂജകൾക്കായി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയായി 13,16,731 രൂപ പ്രതി കൈക്കലാക്കി എന്നാണ് പരാതിയിലുള്ളത്.
കാസർകോട് സൈബർ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തെന്മലയിൽ വച്ചാണ് പ്രതി പിടിയിലായത്.
കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന പി. നളിനാക്ഷന്റെ മേൽനോട്ടത്തിൽ എസ്.ഐ സവ്യസാചി, എ.എസ്.ഐമാരായ പി.കെ. രഞ്ജിത് കുമാർ, എം. ദിലീഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സവാദ് അഷ്റഫ്, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.





