തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ സംഘപരിവാർ സഹയാത്രികനായ ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചുകൊണ്ട് പൊലീസിന് സംഭവിച്ച ഗുരുതരമായ പാളിച്ചകൾ തിരുവനന്തപുരം സി.ജെ.എം കോടതി എണ്ണിപ്പറഞ്ഞു. പ്രതിക്ക് നിയമപ്രകാരമുള്ള നോട്ടീസ് കൈമാറാത്തത് അന്വേഷണ സംഘത്തിന്റെ വലിയ പരാജയമാണെന്ന് ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് നൽകാതിരുന്നതിനെ തൃപ്തികരമായ കാരണങ്ങളോടെ ന്യായീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ അറസ്റ്റ് സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് വിരുദ്ധമാണ്. സുപ്രീം കോടതിയുടെ ഭരണഘടനാപരമായ നിർദ്ദേശങ്ങളെ പൊലീസ് പാടെ അവഗണിച്ചു. സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് നോട്ടീസ് അയക്കുക എന്നതാണ് പൊതുനിയമമെന്നും, അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമാണ് നേരിട്ടുള്ള അറസ്റ്റ് ആവശ്യമെന്നും വ്യക്തമാക്കിയ കോടതി, നോട്ടീസ് ഒഴിവാക്കിയതിന് തക്കതായ കാരണം ബോധ്യപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.
നോട്ടീസ് നൽകാതെ പെട്ടെന്ന് അറസ്റ്റ് ചെയ്യേണ്ട അടിയന്തിര സാഹചര്യങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. നോട്ടീസ് അയച്ചാൽ പ്രതി ഒളിവിൽ പോകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളിക്കളഞ്ഞു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ നോട്ടീസ് നൽകൽ നിർബന്ധമാണെന്നിരിക്കെ, അതിൽ നിന്നും ഒഴിവാകാനുള്ള കാരണങ്ങൾ നിരത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മുൻകൂട്ടി നോട്ടീസ് നൽകാതിരുന്നതിന്റെ കാരണം റിമാൻഡ് റിപ്പോർട്ടിൽ പോലും വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ എ.സി.ജെ.എം കോടതി, കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രവർത്തിച്ചതെന്ന് അതിരൂക്ഷമായി വിമർശിച്ചു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യവും കോടതി നിരസിച്ചു. കേസിന്റെ അന്വേഷണം ആദ്യഘട്ടത്തിലാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതി വിധികൾ തള്ളിക്കളഞ്ഞ് പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ പൊലീസിന് അനുവാദമില്ല. പ്രതിയുടെ വീട് പരിശോധിച്ച് ആവശ്യമായ എല്ലാ തെളിവുകളും പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ തന്നെയുണ്ട്. അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതി തെളിവുകൾ നശിപ്പിക്കുമെന്നോ, ഒളിവിൽ പോകുമെന്നോ തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കൊച്ചിയിലെ വസതിയിൽ നിന്നാണ് മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും കോടതി ഓർമ്മിപ്പിച്ചു.
കേസിനാസ്പദമായ പരാമർശങ്ങൾ നേരിട്ട് ബാധിക്കാത്ത എസ്.ഡി.പി.ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതും പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തി. അതേസമയം, മോഹൻദാസിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തുടർന്നും ഉപയോഗിക്കാൻ അനുമതി നൽകിയ കോടതി, ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.





