കണ്ണൂരിലെ പെരിങ്ങത്തൂരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് രക്ഷിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. താൻ കാശിയിലേക്ക് തിരിക്കുകയാണെന്നും വരുംകാലം അവിടെത്തന്നെ തങ്ങി ദൈവത്തിൽ ലയിച്ചു ജീവിക്കുമെന്നും കുറിച്ച കത്ത് വെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിദ്യാർത്ഥിയെ കാണാതാകുന്നത്.
കുട്ടി നിരന്തരം മൊബൈൽ ഫോണിൽ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നുവെന്നും ഇതിനായി വലിയൊരു സമയം മാറ്റിവെച്ചിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. പണം നൽകി കളിക്കുന്ന ഇത്തരം ഗെയിമുകൾ വിലക്കിയ മാതാപിതാക്കൾ പിന്നീട് ഫോൺ കൈവശപ്പെടുത്തി വെക്കുകയും ചെയ്തു. ഇതിലുണ്ടായ മാനസിക വിഷമത്തിലാണ് കുട്ടി നാടുവിട്ടത്.
സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പെരിങ്ങത്തൂരിന് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെയും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.





