കനത്ത മഴക്കെടുതികൾക്കിടയിലും മുഖ്യമന്ത്രി കാപ്പിക്കട ഉദ്ഘാടനം ചെയ്തുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. 'ബൈ മീ എ കോഫി' എന്ന ഹാഷ്‌ടാഗ് ഉൾപ്പെടുത്തി ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഈ വിഷയത്തിൽ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിച്ച 'ബൈ മീ എ കോഫി' (Buy Me a Coffee) എന്ന സംരംഭത്തെ ഒരു സാധാരണ ചായക്കടയായി തെറ്റിദ്ധരിച്ച് മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത് വലിയ വാർത്തയായിരുന്നു.
എന്നാൽ 'ബൈ മീ എ കോഫി' കേവലം ഒരു കാപ്പിക്കടയല്ലെന്നും, കോഴിക്കോട്ടെ കക്കോടി നിവാസികളായ ജിജോ, ജോസഫ് എന്നീ യുവാക്കൾ ചേർന്ന് രൂപീകരിച്ച ക്രൗഡ് ഫണ്ടിംഗ് സ്റ്റാർട്ടപ്പാണെന്നും വ്യക്തമാക്കിക്കൊണ്ട് നിരവധിയാളുകൾ രംഗത്തെത്തി. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിലൂടെ വളർന്നുവരുന്ന യുവ സംരംഭകരെയാണ് ഇവർ അപമാനിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. റിപ്പോർട്ട് ചെയ്യുന്ന വിഷയത്തെക്കുറിച്ച് കുറഞ്ഞപക്ഷം ഒന്ന് 'ഗൂഗിൾ' ചെയ്തു നോക്കാനുള്ള മര്യാദയെങ്കിലും ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾ കാണിക്കേണ്ടതുണ്ടെന്ന ശക്തമായ വിമർശനവും ഉയരുന്നുണ്ട്.





