കണ്ണൂർ: ചെറുപുഴയിലെ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന്റെ ഭൗതികശരീരത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് നൽകും. കളക്ടർ പി. വിഷ്ണു രാജ് ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷമായിരിക്കും സർക്കാരിന് കൈമാറുക. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.
കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കണ്ണൂർ എ.ഡി.എം പി. എൻ. പുരുഷോത്തമൻ, പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, പയ്യന്നൂർ തഹസീൽദാർ എന്നിവരിൽ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്. ഇതേത്തുടർന്ന് വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കളക്ടറോട് നിർദ്ദേശിക്കുകയായിരുന്നു.





