കോഴിക്കോട്: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് നൽകിയ സ്റ്റോപ്പ് മെമ്മോയിൽ വലിയ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റം വ്യക്തമായി സ്ഥാപിക്കാതെയാണ് നടപടി കൈക്കൊണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്ലാന്റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിയതായി കണ്ടെത്തിയിട്ടില്ലെന്നും, ഇക്കാര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പഞ്ചായത്ത് നടത്തിയ അന്വേഷണത്തിലും മാലിന്യം പുഴയിലേക്ക് തള്ളിയതായി തെളിഞ്ഞിട്ടില്ല. കൂടാതെ, സ്റ്റോപ്പ് മെമ്മോ ഉത്തരവ് നൽകുന്നതിന് മുൻപായി ആവശ്യമായ നോട്ടീസ് നൽകിയിരുന്നില്ലെന്നും കോടതി വിലയിരുത്തി. കൃത്യമായ നിയമനടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ റദ്ദാക്കുകയാണെന്ന് കോടതി പ്രഖ്യാപിച്ചു. അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഫ്രഷ് കട്ടിനെതിരെയുള്ള പ്രക്ഷോഭം കൂടുതൽ തീവ്രമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി എം.എൽ.എ പി.കെ ഫിറോസിന്റെ നേതൃത്വത്തിൽ ഇന്ന് ഉപരോധ സമരം സംഘടിപ്പിക്കും. രാവിലെ 9.30-നാണ് ഉപരോധ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.





