ആവശ്യമായ സാങ്കേതികാനുമതിയോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷിതമല്ലാത്ത ഇത്തരം ലിഫ്റ്റുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിനെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പ്രസ്താവിച്ചത്. വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് 2024-ൽ ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊതുസമൂഹത്തിനിടയിൽ കൃത്യമായ ബോധവൽക്കരണം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിധിപ്പകർപ്പുമായി എത്തിയ കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) ഭാരവാഹികൾ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള സാങ്കേതിക നിയമങ്ങൾക്ക് വിധേയമായല്ല ഇത്തരം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്നും കീമ പ്രതിനിധികൾ പറഞ്ഞു.
സാധാരണ ലിഫ്റ്റുകളിൽ ലഭ്യമായത് പോലെ അടിയന്തര ഘട്ടങ്ങളെ പ്രതിരോധിക്കാനുള്ള അനുബന്ധ സംവിധാനങ്ങളൊന്നും തന്നെ ഇവയിലില്ല. കൂടാതെ, പിറ്റിന്റെ ആഴം, ഓവർഹെഡ് ഉയരം, ലാൻഡിങ് എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളൊന്നും വാക്വം ലിഫ്റ്റുകൾ പാലിക്കുന്നില്ല. രാജ്യത്ത് ലിഫ്റ്റുകൾക്ക് പ്രവർത്തനാനുമതി ലഭ്യമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെയോ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയോ യാതൊരുവിധ അംഗീകാരവുമില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും കീമ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.





