കൊച്ചി: ഉപയോഗിച്ച പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന രീതി ബെവ്കോ അവസാനിപ്പിക്കുന്നു. ഇതോടെ നാളെ മുതൽ ഉപഭോക്താക്കളിൽ നിന്ന് കുപ്പിക്ക് 20 രൂപ വീതം അധികമായി വാങ്ങുന്നത് നിർത്തിവെക്കും. പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുമ്പോൾ 20 രൂപ ഡിപ്പോസിറ്റ് തുകയായി അധികം വാങ്ങുകയും, പിന്നീട് ഉപയോഗിച്ച കുപ്പി തിരികെ ഏൽപ്പിക്കുമ്പോൾ ഈ തുക മടക്കി നൽകുകയുമായിരുന്നു നിലവിലെ രീതി.
ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ തുക തിരിച്ചുകിട്ടുമെങ്കിലും പദ്ധതിക്കെതിരെ വലിയ രീതിയിൽ പരാതികൾ ഉയർന്നിരുന്നു. ഈ സംവിധാനം മദ്യശാലകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും, ശേഖരിക്കുന്ന കുപ്പികൾ യഥാസമയം നീക്കം ചെയ്യാൻ സാധിക്കാത്തത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെന്നുമായിരുന്നു പ്രധാന ആക്ഷേപം. പുതിയ മദ്യ ശേഖരം സൂക്ഷിക്കേണ്ട സ്ഥലങ്ങളിൽ ഇത്തരം ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞു കവിഞ്ഞത് സ്റ്റോക്ക് സൂക്ഷിക്കുന്നതിനെ സാരമായി ബാധിച്ചു.
കൂടാതെ, ഇത്തരം കുപ്പികൾ ശേഖരിക്കുന്നത് ജീവനക്കാർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. മദ്യവിൽപനശാലകൾക്ക് സമീപം പ്ലാസ്റ്റിക് കുപ്പികൾ കൂമ്പാരമായി കുമിഞ്ഞുകൂടുന്നത് മുൻപ് വാർത്തയാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പദ്ധതി പിൻവലിച്ചതായുള്ള വിജ്ഞാപനം നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.





