കണ്ണൂർ: പയ്യന്നൂരിൽ സി.പി.ഐ.എം നടത്തിയ പ്രതിഷേധ മാർച്ചിനിടെ കടുത്ത വാക്കുകളുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വെറും ഷെഡ് മാത്രമല്ല, അതിന് താഴെയുള്ള സമസ്ത കാര്യങ്ങളും തോണ്ടിയെടുക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന്റെ അടിയിലുള്ള സകലതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് സാധിക്കുമെന്ന് ഓർക്കുന്നത് നല്ലതാണെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിൽ തോൽവി വഴങ്ങി എന്നത് കൊണ്ട് പയ്യന്നൂരിലെ പ്രസ്ഥാനം പൂർണ്ണമായി അവസാനിച്ചുവെന്ന് ആരും കരുതേണ്ടതില്ല. നിസ്സാരമായ ഒരു ഷെഡിന് തീവെച്ച ശേഷം വാർത്താസമ്മേളനം വിളിച്ച് ഇതിന് പിന്നിൽ ടി.ഐ. മധുസൂദനനാണെന്ന് ആരോപിക്കുകയാണ്. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത്? പയ്യന്നൂരിലെ പോലീസ് നിലവിൽ എം.എൽ.എ കുഞ്ഞികൃഷ്ണന്റെ സ്വന്തം പോലീസാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേസ് അന്വേഷിക്കാൻ തയാറാകാത്തത്? നടപടിയെടുത്ത് ആളുകളെ പിടികൂടിയാൽ കുറ്റവാളി ആരാണെന്ന് തിരിച്ചറിയുമെന്ന ഭയമാണോ ഇതിന് പിന്നിലെന്നും അദ്ദേഹം ചോദ്യമുയർത്തി.





