ഇടുക്കി: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതലായി തുറക്കാൻ അധികൃതർ തീരുമാനിച്ചു. ഘട്ടം ഘട്ടമായി ഒന്നര മീറ്റർ വരെയാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ, തൊടുപുഴ നദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ തൊടുപുഴയാറിലെ ജലനിരപ്പ് വീണ്ടും വർദ്ധിച്ചു. കൊച്ചങ്ങാടി, ഇലാഹിയ നഗർ ഭാഗങ്ങളിൽ ഇതോടെ വീണ്ടും വെള്ളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളമിറങ്ങിയതിനെ തുടർന്ന് വീടുകൾ ശുചീകരിച്ച് താമസിക്കാൻ ഒരുങ്ങുകയായിരുന്ന ജനങ്ങളെ ദുരിതത്തിലാക്കിയാണ് വീണ്ടും വെള്ളം കയറിയത്. മഴയെത്തുടർന്ന് വണ്ണപ്പുറം – ചേലച്ചുവട് റോഡ്, ചെറുതോണി – കട്ടപ്പന പാത എന്നിവിടങ്ങളിൽ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
അതേസമയം, ഇരട്ടയാർ, കല്ലാർ, കല്ലാർകുട്ടി, പാമ്പ്ല എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളിൽ മഴ കൂടുതൽ കനക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.





