താൻ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തുവെന്ന വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സൽക്കാരത്തിന് പോയതല്ലെന്നും, ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് താൻ ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വൈകുന്നേരം മൂന്ന് മണിക്കായിരുന്നു താൻ ആഹാരം കഴിച്ചത്. 2018-ലും 2019-ലുമുണ്ടായ പ്രളയസമയത്ത് അന്ന് ഭരിച്ചിരുന്ന മുഖ്യമന്ത്രി പട്ടിണി കിടക്കുകയായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. താൻ ഭക്ഷണം കഴിച്ചത് തെറ്റായ നടപടിയാണോ എന്ന് പൊതുജനങ്ങൾ തീരുമാനിക്കട്ടെ. മൂന്ന് മണിക്ക് പൊന്നാനിയിലെത്തിയ താൻ ആഹാരം കഴിക്കാൻ പാടില്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ നടക്കുന്നത് വളരെ മോശമായ അപവാദപ്രചാരണമാണെന്നും, ഭക്ഷണം കഴിച്ചതിൽ യാതൊരുവിധ ഔചിത്യക്കുറവും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യാത്രാമധ്യേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഒരു മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാൻ അവകാശമില്ലെന്ന കാര്യം തനിക്കിപ്പോഴാണ് മനസ്സിലായതെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാരിനെതിരെ ഉന്നയിക്കാൻ മറ്റ് കാര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ പറയുന്നത്. സമാനമായ സാഹചര്യങ്ങളിൽ മുൻ മുഖ്യമന്ത്രി രാഷ്ട്രീയമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ആഹാരം കഴിച്ചു എന്നത് മാത്രമാണോ താൻ ചെയ്ത കുറ്റമെന്നും അദ്ദേഹം ചോദിച്ചു.
ഹെലികോപ്റ്റർ ഉപയോഗിച്ച് താൻ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനുള്ള പൂർണ്ണമായ ഔദ്യോഗിക യാത്രയായിരുന്നു അത്. ആദ്യം വന്ദേ ഭാരത് ട്രെയിനിലായിരുന്നു യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ നിക്ഷേപക സംഘത്തിന് സമയപരിമിതി ഉണ്ടായിരുന്നതുകൊണ്ടാണ് പിന്നീട് ഹെലികോപ്റ്ററിനെ ആശ്രയിക്കേണ്ടി വന്നത്. തൻ്റെ ഈ യാത്ര കാരണം സർക്കാരിന് ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ല. മുൻ സർക്കാർ നൽകിയ വാടകയിലാണ് താൻ യാത്ര ചെയ്തത്. എന്നാൽ മുൻ മുഖ്യമന്ത്രി എസ്.ഡി.ആർ.എഫിൽ (SDRF) നിന്നുള്ള ഫണ്ട് ഉപയോഗിച്ച് സ്വന്തം പാർട്ടിയുടെ ആവശ്യങ്ങൾക്കായി യാത്ര ചെയ്തിട്ടുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.





