തിരുവനന്തപുരം: കാപ്പ കേസിൽ തടവിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധിയപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ, ആഭ്യന്തര വകുപ്പുകൾ പുറപ്പെടുവിച്ച ഉത്തരവുകൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി ആരോപിച്ചു. കാപ്പ കേസ് പ്രതിയെ രക്ഷിച്ചെടുക്കാനായി തിടുക്കത്തിൽ നിയമവിരുദ്ധ ഉത്തരവുകൾ ഉണ്ടാക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പും തുടർന്ന് ഓഗസ്റ്റ് 20-ന് ആഭ്യന്തര വകുപ്പും തികച്ചും വിചിത്രമായ ഉത്തരവുകളാണ് പുറത്തിറക്കിയത്. വകുപ്പുതല മന്ത്രി അറിയാതെയാണ് ഈ നടപടിയെങ്കിൽ, ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം. അടുപ്പിച്ചു മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നിട്ടും കോർപ്പറേഷൻ സെക്രട്ടറി സുഗതനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഈ സംഭവത്തിന് പിന്നിൽ കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടിൽ മുസ്ലിം ലീഗും ശബരീനാഥനും മറുപടി നൽകണമെന്ന് വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് ആദ്യം ഇടപെട്ട ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.





