സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ വിതച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. മന്ത്രിമാരും ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ശക്തമാക്കാൻ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല മേൽനോട്ടം റവന്യൂ മന്ത്രി കൈകാര്യം ചെയ്യും.
ഏത് തരത്തിലുള്ള അടിയന്തര ഘട്ടത്തെയും പ്രതിരോധിക്കാൻ സജ്ജരായിരിക്കാൻ ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ കളക്ടർമാർക്ക് മുഖ്യമന്ത്രി കശന നിർദ്ദേശം നൽകി. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ എം.എൽ.എമാരെ ഫോണിൽ വിളിച്ച് അദ്ദേഹം വിവരങ്ങൾ തേടുകയും ചെയ്തു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് ഏകോപനം നിർവ്വഹിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതനുസരിച്ച്:
- തിരുവനന്തപുരം: സി.പി. ജോൺ
- പത്തനംതിട്ട: പി.സി. വിഷ്ണുനാഥ്
- കോട്ടയം: മോൻസ് ജോസഫ്
- ഇടുക്കി: അനൂപ് ജേക്കബ്
- എന്നിവർ അതത് ജില്ലകളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ടു വ്യക്തികൾക്കായി കോസ്റ്റ് ഗാർഡിന്റെ വെസൽ ഉപയോഗിച്ച് ഉൾക്കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സംഘവും മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി തമ്പടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.





