ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ദേവസ്വം സെക്രട്ടറി രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രസ്തുത റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകുന്നത്. കൃത്യമായ സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായവരെ കണ്ടെത്തു ക എന്നത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിലേക്ക് നെയ്യ് എത്തിച്ചതിൽ ഗുരുതരമായ അനാസ്ഥയാണുണ്ടായിട്ടുള്ളത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. 2025-2026 കാലഘട്ടത്തിലേക്ക് ആകെ 1,65,000 ലിറ്റർ നെയ്യ് വാങ്ങുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലാണ് കരാറുണ്ടാക്കിയിരുന്നത്. ഇതിൽ 1,50,000 ലിറ്റർ നെയ്യ് മിൽമ നൽകിയെങ്കിലും ബാക്കി തുകയ്ക്കുള്ളത് നൽകിയിരുന്നില്ല. 5,000 ലിറ്റർ വീതമുള്ള 30 ബാച്ചുകളായാണ് നെയ്യ് സന്നിധാനത്ത് എത്തിച്ചത്. ഇതിൽ 6 ബാച്ചുകൾ മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്, ഇവയെല്ലാം തന്നെ ഗുണനിലവാരമില്ലാത്തതാണെന്ന് സ്ഥിരീകരിച്ചു. ഇത് കേവലം ഭക്ഷണസാധനത്തിൽ മായം ചേർത്ത വിഷയം മാത്രമല്ല, മറിച്ച് അയ്യപ്പഭക്തരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ഗുരുതരമായ കുറ്റമാണ്. മിൽമയിൽ നിന്നും സന്നിധാനത്തേക്ക് നെയ്യ് എത്തിച്ച വഴികളടക്കം സമഗ്രമായി പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സന്നിധാനത്ത് എത്തിച്ച ശേഷമാണോ അതോ അതിനു മുൻപാണോ തട്ടിപ്പ് നടന്നതെന്ന കാര്യം വ്യക്തമാകേണ്ടതുണ്ട്. മേലിൽ ഇങ്ങനെയൊരു വീഴ്ച ഉണ്ടാകാതിരിക്കാനുള്ള ശക്തമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കും. ഇനിമുതൽ ശബരിമലയിലെത്തുന്ന നെയ്യ് ബാച്ച് അടിസ്ഥാനമാക്കി പരിശോധനയ്ക്ക് വിധേയമാക്കും. പുറമേ നിന്ന് വാങ്ങുന്ന സാഹചര്യമുണ്ടായാൽ നിർമ്മാണ കേന്ദ്രം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾ ഡിജിറ്റൽ ട്രാക്കിംഗിലൂടെ നിരീക്ഷിക്കുമെന്നും, സപ്ലൈ ചെയിനിലെ ഡിജിറ്റൽ മൂവ്‌മെന്റ് രജിസ്റ്റർ പൂർണ്ണമായും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.





