തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചതോടെ മംഗലം ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം തുറന്നു. 77.88 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയെന്നിരിക്കെ, നിലവിൽ ജലനിരപ്പ് 77.53 മീറ്ററായി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഡാമിലെ വെള്ളത്തിന്റെ അളവ് അപകടനില കടന്നതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. വരും മണിക്കൂറുകളിൽ ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്പിൽവേ ഷട്ടറുകൾ 60 സെന്റീമീറ്റർ വരെ ഉയർത്തിയേക്കും. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ വസിക്കുന്നവരും താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും കഴിയുന്നവരും പുഴയിൽ ഇറങ്ങുന്നവരും കടുത്ത ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.





