തിരുവനന്തപുരം: കാപ്പ കേസിൽ തടവിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പരിഗണിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അയച്ച കത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. 'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന' രീതിയിലുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ടെന്നും, ഇത്തരക്കാരുടെ അഹങ്കാരം അവസാനിപ്പിക്കാൻ ഭരണനേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇതിന്റെ പ്രത്യാഘാതവും പാപഭാരവും പാർട്ടിയും മുന്നണിയും അനുഭവിക്കേണ്ടി വരുമെന്ന് ശബരീനാഥൻ മുന്നറിയിപ്പ് നൽകി.
"സുഗതന്റെ അവധി വിഷയത്തിലെ ചർച്ചകൾക്കിടെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് മേയർ വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. കൗൺസിൽ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ടപ്പോഴാണ് യഥാർത്ഥ കാര്യങ്ങൾ ബോധ്യപ്പെട്ടത്. ഇത്രയധികം വിവാദമായ ഒരു വിഷയത്തിൽ മന്ത്രിയുടെ ഓഫീസ് പോലും അറിയാതെയാണ് വകുപ്പിലെ ഉദ്യോഗസ്ഥർ കാര്യങ്ങൾ കൈകാര്യം ചെയ്തത്. 'സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ' നിയമത്തിന്റെയും യുക്തിയുടെയും എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് ഉദ്യോഗസ്ഥർ ഇങ്ങനെയൊരു ബലഹീനമായ ഉത്തരവിറക്കിയത് ആരെ പ്രീതിപ്പെടുത്താനാണ്?" എന്ന് കെ.എസ്. ശബരീനാഥൻ ചോദിച്ചു.
ഈ ഫയലിൽ പ്രകടമാക്കിയ പ്രത്യേക കരുതലിന്റെ ഉറവിടം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ശബരീനാഥൻ ആരോപിച്ചു. ഭരണം മാറുമ്പോൾ ഭരണപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും ഉദ്യോഗസ്ഥർ അക്ഷരം തെറ്റാതെ അതേപടി അനുസരിക്കണമെന്ന് താൻ അഭിപ്രായപ്പെടുന്നില്ല. എന്നാൽ ഭരണം മാറിയ ശേഷവും ഫയലുകളിൽ നിയമവിരുദ്ധമായി തങ്ങൾക്ക് തോന്നിയതുപോലെ എന്തും കുത്തിക്കുറിക്കാമെന്ന ചില ഉദ്യോഗസ്ഥരുടെ അഹങ്കാരം അവസാനിപ്പിക്കാൻ ഭരണസംവിധാനം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിന്റെ ദോഷഫലം പേറേണ്ടി വരുന്നത് പാർട്ടിയും മുന്നണിയുമാണ്. മുതിർന്ന നേതാക്കൾ ഈ വിഷയം ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം തന്റെ അതൃപ്തി പരസ്യമാക്കിക്കൊണ്ട് പറഞ്ഞു.





